ഡോക്ടർമാരുടെ നിയമനം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് വീണ്ടും അവഗണന
text_fieldsശാസ്താംകോട്ട: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ കീഴിലുളള ജില്ല/ജനറൽ/താലൂക്ക് ആശുപത്രികളിൽ പുതുതായി 202 ഡോക്ടർമാരെ നിയമിച്ചപ്പോൾ, ഒരാളെ പോലും നിയമിക്കാതെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയെ അവഗണിച്ചതായി പരാതി. സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷാലിറ്റി ഉൾപ്പെടെ വിവിധ വിഭാഗം ഡോക്ടർമാരുടെ തസ്തികകളാണ് അനുവദിച്ച് ഉത്തരവായത്.
ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയെ മാത്രമാണ് ഒഴിവാക്കിയതെന്ന് ഉത്തരവിൽ നിന്നും വ്യക്തമാണ്. കൊല്ലം ജില്ല ആശുപത്രി, കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കുണ്ടറ താലൂക്ക് ആശുപത്രി, നെടുങ്ങോലം താലൂക്ക് ആശുപത്രി, കടയ്ക്കൽ താലൂക്ക് ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഉൾപ്പെടെ എല്ലായിടത്തും തസ്തികകൾ അനുവദിച്ചിട്ടുണ്ട്.
സ്റ്റാഫ് പാറ്റേൺ ഉയർത്തണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനിൽക്കുമ്പോഴാണ് കടുത്ത അവഗണന വീണ്ടും ശാസ്താംകോട്ടക്ക് നേരിടേണ്ടിവന്നത്. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായിട്ടും ന്യൂറോ-കാർഡിയോളജി വിഭാഗങ്ങളിൽ ഉൾപ്പെടെ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഓഫിസ്-പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
കുന്നത്തൂർ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത് സി.എച്ച്.സിയുടെ സൗകര്യത്തിലാണ്. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കാനോ ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാനോ വേണ്ട നടപടി എടുപ്പിക്കുന്നതിൽ സ്ഥലം എം.എൽ.എ തികഞ്ഞ പരാജയമാണന്നും ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉയരുമെന്നും ഗ്രാമപഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

