കാത്തിരിപ്പിനൊടുവിൽ ഈറ്റ വിതരണം പുനരാരംഭിച്ചു
text_fieldsശാസ്താംകോട്ട ഡിപ്പോയിൽനിന്ന് ഈറ്റ വിതരണം ചെയ്യുന്നു
ശാസ്താംകോട്ട: ഒമ്പതു മാസത്തെ ഇടവേളക്കുശേഷം ശാസ്താംകോട്ടയിലെ ഈറ്റ ഡിപ്പോയിൽനിന്ന് ഈറ്റ വിതരണം പുനരാരംഭിച്ചു. ഈറ്റ മേഖലയിൽ പണിയെടുക്കുന്നവർ ഏറെയുള്ള ജില്ലയാണ് കൊല്ലം. കൂടുതലും കുന്നത്തൂരിലാണ്. നിരവധി പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 500 ലധികം ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടുവരുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിലധികമായി ഇവർക്ക് ഈറ്റ ലഭിച്ചിരുന്നില്ല.
ജി.എസ്.ടി ഇനത്തിൽ അടയ്ക്കേണ്ട മൂന്ന് കോടിയിലധികം രൂപ അടയ്ക്കാത്തതിനാൽ ഈറ്റവെട്ട് തടഞ്ഞതാണ് വിതരണം തടസ്സപ്പെടാൻ കാരണം. ബാംബൂ കോർപറേഷന്റെ ശാസ്താംകോട്ട മനക്കരയിലുള്ള ഡിപ്പോ വഴിയാണ് തൊഴിലാളികൾക്ക് ആവശ്യമുള്ള ഈറ്റ വിതരണം ചെയ്യുന്നത്.
പത്തനംതിട്ട ജില്ലയിലെ ആനമുഴി മേഖലയിൽനിന്ന് വെട്ടുന്ന ഈറ്റ കുമ്പഴ ഡിപ്പോയിൽ എത്തിക്കുകയും അവിടെനിന്ന് ശാസ്താംകോട്ടപോലുള്ള സബ് ഡിപ്പോകൾവഴി വിതരണം ചെയ്യുകയുമാണ് പതിവ്.
ആഴ്ചയിൽ രണ്ട് ലോഡ് (ഏകദേശം 500 കെട്ട്) ഈറ്റയായിരുന്നു ശാസ്താംകോട്ട ഡിപ്പോ വഴി വിതരണം ചെയ്തിരുന്നത്. ബാംബൂ കോർപറേഷനിൽ അംഗത്വമുള്ളവർക്ക് 98.50 രൂപ നിരക്കിൽ മൂന്ന് കെട്ട് ഈറ്റ വിതരണം ചെയ്തിരുന്നു. ഇത് കൊണ്ട് കുട്ട, വട്ടി, മുറം തുടങ്ങിയ ഉൽപന്നങ്ങൾ ഇവർ നിർമിക്കുകയും ഇത് വിറ്റ് ഉപജീവനം നടത്തുകയുമായിരുന്നു പതിവ്. മുതിർന്നവരും സ്ത്രീകളുമാണ് പ്രധാനമായും ഈ ജോലി ചെയ്യുന്നത്.
ഈറ്റ ലഭിക്കാത്തതിനാൽ വരുമാനം നിലച്ച ഇവരുടെ ഉപജീവനംതന്നെ പ്രതിസന്ധിയിലായിരുന്നു. ഇത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഓണക്കാലത്ത് ഈറ്റ ഉൽപന്നങ്ങൾ മോശമല്ലാത്ത വിധത്തിൽ വിറ്റഴിക്കപ്പെടുമായിരുന്നെങ്കിലും ഈറ്റ ലഭിക്കാതിരുന്നത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

