സാമൂഹികവിരുദ്ധ താവളമായി ആദിക്കാട് പമ്പ് ഹൗസ്
text_fieldsശുദ്ധജല തടാകക്കരയിലെ ആദിക്കാട്ട് പമ്പ് ഹൗസ്
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കുടിവെള്ള പദ്ധതിക്കായി ശാസ്താംകോട്ട ശുദ്ധജല തടാകക്കരയിൽ ആദിക്കാട് ജങ്ഷന് സമീപം സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് സാമൂഹിക വിരുദ്ധരുടെ താവളമായി. ജപ്പാൻ കുടിവെള്ളപദ്ധതി പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ ശുദ്ധജല തടാകത്തെ ആശ്രയിച്ച് 30 വർഷത്തിലേറെക്കാലമായി പ്രവർത്തിച്ചുവന്ന കാലപ്പഴക്കമുള്ള പമ്പ് ഹൗസിന്റെ പ്രവർത്തനം നിർത്തലാക്കുകയായിരുന്നു. ഇതോടെയാണ് ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായത്.
പമ്പ് ഹൗസിൽ സ്ഥാപിച്ചിരുന്ന മോട്ടോറുകളും ഇരുമ്പ് പാളങ്ങളും പി.വി.സി പൈപ്പുകളും അടക്കം സാമൂഹികവിരുദ്ധർ ഇളക്കികൊണ്ടുപോയി. കായലിലും പമ്പ് ഹൗസിലും വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സാധന സാമഗ്രികളും പമ്പ് ഹൗസിന്റെ ജനാല ഉൾപ്പെടെ മോഷണം പോയിട്ടും ജല അതോറിറ്റി ശാസ്താംകോട്ട ഡിവിഷൻ അധികൃതർ മൗനം പാലിക്കുകയായിരുന്നു. പകൽസമയത്തു പോലും ഇവിടെനിന്ന് സാധനങ്ങൾ കടത്തിയിട്ടുണ്ട്.
ലക്ഷങ്ങൾ വില വരുന്ന കമ്പിയും കേബിളുമാണ് കടത്തിക്കൊണ്ടുപോയത്. കോയിൽ കടത്തുന്നതിനായി തടാകക്കരയിൽ തീയിട്ട സംഭവവും ഉണ്ടായി. വേനൽകാലത്ത് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി കായലിൽ സ്ഥാപിച്ച മോട്ടോറും കാണാതായിട്ടുണ്ട്. പമ്പ് ഹൗസ് കാടുമൂടിയ വിജനമായ സ്ഥലത്തായതുകൊണ്ട് സാമൂഹികവിരുദ്ധർ ഇവിടെ സ്ഥിരം കേന്ദ്രമാക്കുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

