നായ്ക്കളെ കണ്ട് ഭയന്നോടിയ കുട്ടിക്ക് വീണ് പരിക്ക്
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി ഐ.സി.എസിൽ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം; ഭയന്നോടിയ വിദ്യാർഥിനിക്ക് വീണ് തലക്ക് ഗുരുതര പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ മിലാദേ ശരീഫ് ഹൈസ്കൂളിന് പിറകുവശത്തായിരുന്നു കുട്ടികളുടെ നേരെ നായ്ക്കളുടെ ആക്രമണം. കുട്ടികൾ ഭയന്നോടുകയും ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും വേങ്ങ സ്വദേശിനിയുമായ കുട്ടി ഭയന്നോടി മറിഞ്ഞു വീഴുകയുമായിരുന്നു.
തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇതിന് സമീപത്ത് നായ് കുറുക്ക് ചാടി ഗുഡ്സ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
സ്കൂളിന് സമീപത്തെ തെരുവുനായ് ശല്യത്തിനെതിരെ നിരന്തര പരാതികളുയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നാളിതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

