സ്റ്റേഷനും ആവശ്യത്തിന് സേനയുമില്ലാതെ കൊല്ലം റൂറൽ പൊലീസ്
text_fieldsകൊല്ലം: റൂറൽ പൊലീസിന് ജില്ലയിൽ ആവശ്യത്തിന് സ്റ്റേഷനുകളും സേനാംഗങ്ങളും ഇല്ലാത്തത് സുരക്ഷാ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപം. ജില്ലയിൽ പൊലീസ് കൺട്രോൾ റൂം അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടില്ല. ഏകദേശം 100 പൊലീസുകാരുടെ സേവനം ആവശ്യമുള്ള കൺട്രോൾ റൂമിൽ ഇപ്പോൾ ലോക്കൽ സ്റ്റേഷനുകളിൽനിന്നാണ് പൊലീസുകാരെ നിയോഗിച്ചിരിക്കുന്നത്. അതോടൊപ്പം ഹൈവേ പൊലീസ്, പിങ്ക് പൊലീസ്, എസ്.യു.വി ഡ്യൂട്ടികൾ എന്നിവക്കായി ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽനിന്നാണ് സേനയെ വിന്യസിക്കുന്നത്. ഇതുമൂലം സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണം 50 ശതമാനം കുറയുകയാണ്. ഇതോടെ കേസന്വേഷണം, ശാസ്ത്രീയ അന്വേഷണ രീതികൾ എന്നിവ പ്രതിസന്ധിയി. സ്റ്റേഷനുകളിൽ അമിതമായ ജോലി സമ്മർദ്ദം.
കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം, ശാസ്താംകോട്ട, അഞ്ചൽ, പൂയപ്പള്ളി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ വിഭജിച്ച് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഏറെനാളായുണ്ട്. കുളക്കട, വാളകം, പട്ടാഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. കെ.പി മൂന്നാം ബറ്റാലിയൻ അടൂരിൽ നിന്ന് ജില്ല പൊലീസ് സേനയിലേക്ക് വരേണ്ട 400 ഓളം പൊലീസുകാർ ഇപ്പോഴും ബറ്റാലിയനിൽ തുടരുകയാണ്.
പോസ്റ്റിങ് വൈകുന്നതിന് അടിയന്തരമായി നടപടി വേണമെന്നത് എം.പി ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. ഉത്സവ കാലത്ത് ഡ്യൂട്ടിക്കായി മറ്റു ജില്ലകളിലേക്ക് ഉദ്യോഗസ്ഥരെ അയക്കുകയും വേണം. റൂറൽ ജില്ല നേരിടുന്ന സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കൂടുതൽ സ്റ്റേഷനുകൾ അനുവദിക്കണമെന്നും കൺട്രോൾ റൂമിൽ പ്രത്യേക സ്ട്രെങ്ത് അനുവദിക്കണമെന്നും ഉത്സവങ്ങൾക്കായി ബറ്റാലിയനിൽ നിന്ന് പ്രത്യേക സേനയെ അനുവദിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

