ഓട നിർമിക്കാൻ വെട്ടിക്കുഴിച്ച റോഡിൽ ജനത്തിന് ദുരിത യാത്ര; മൈലാപ്പൂരിലേക്കുള്ള സ്വകാര്യ ബസുകൾ സർവിസ് നിർത്തി
text_fieldsഓട നിർമാണത്തിന് സർവിസ് റോഡ് വെട്ടിക്കുഴിച്ച നിലയിൽ
ഇരവിപുരം: ഓട നിർമിക്കുന്നതിന് സർവിസ് റോഡ് വെട്ടിക്കുഴിച്ചതിനെതുടർന്ന് ജനം ദുരിതത്തിൽ. നിർമാണപ്രവൃത്തിയെത്തുടർന്ന് സ്വകാര്യ ബസുകൾ സർവിസ് നിർത്തിയത് മൈലാപ്പൂര് നിവാസികളെ വലച്ചു. പാലത്തറ ബൈപാസ് ജങ്നിലാണ് സർവിസ് റോഡിനോട് ചേർന്നുള്ള ഓട നിർമാണത്തിനായി കുഴി എടുത്തിരിക്കുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടെങ്കിലും നിർമാണം നടന്നില്ല. എടുത്ത കുഴിയിൽ നിറയെ വെള്ളംകയറിക്കിടക്കുകയാണ്. പാലത്തറയിൽനിന്ന് മൈലാപ്പൂര് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് റോഡ് കുഴിച്ചിട്ടിരിക്കുന്നത്. അടുത്തുള്ള സഹകരണ ആശുപത്രിയിലേക്ക് പോകുന്നതിന് ഒരു ചെറിയ വഴി മാത്രമാണ് ഇട്ടിരിക്കുന്നത്.
സ്വകാര്യ ബസുകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്തതിനാൽ മൈലാപ്പൂര് വഴിയുണ്ടായിരുന്ന എട്ടോളം ബസുകൾ സർവിസ് നിർത്തി. ബസുകൾ ഇതുവഴി പോകാത്തത് ജനത്തെ വളരെയേറെ വലക്കുകയാണ്. മൈലാപ്പൂര് നിവാസികൾക്ക് ദേശീയപാതയിൽ എത്തണമെങ്കിൽ ഓട്ടോ വിളിക്കേണ്ട സ്ഥിതിയാണ്. ഒരാഴ്ചയിലധികമായി റോഡ് അടച്ചിട്ട നിലയിലാണ്. ചെറിയ വാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും കുരുക്കും രൂക്ഷമാണ്. വെള്ളം കയറിക്കിടക്കുന്നതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതെന്നാണ് കരാർ കമ്പനി പറയുന്നത്. അതേസമയം രാത്രിയിൽ നിർമാണപ്രവർത്തനം നടത്തി റോഡ് തുറന്നുകൊടുത്ത് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

