എഫ്.ഡി.ആർ പദ്ധതിയിലൂടെ റോഡ് നിർമാണം; വാഹനങ്ങളും യന്ത്രങ്ങളുമായി ഓപൺ വാഗൺ ട്രെയിൻ കൊല്ലത്ത്
text_fieldsപത്തനാപുരത്തെ റോഡ് നിർമാണം ഏറ്റെടുത്ത കമ്പനി ഓപൺ വാഗൺ െട്രയിനിൽ റോഡ് നിർമാണത്തിനുള്ള വാഹനങ്ങൾ
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കൊല്ലം: റോഡ് നിർമാണത്തിന് ഉപയോഗിക്കാനുള്ള കൂറ്റൻ വാഹനങ്ങളും യന്ത്രങ്ങളുമായി ഓപൺ വാഗൺ ട്രെയിൻ കൊല്ലത്ത്. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുള്ള ഈ വാഗൺ ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആദ്യമായാണെത്തുന്നത്.
ജില്ലയിൽ ആദ്യമായി ജർമൻ സാങ്കേതികവിദ്യയായ ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ്.ഡി.ആർ) ഉപയോഗിച്ച് പത്തനാപുരത്ത് റോഡ് നിർമിക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള യന്ത്രങ്ങളും വാഹനങ്ങളുമാണ് ചണ്ഡീഗഡിൽനിന്നുമെത്തിച്ചത്.
നിലവിലെ റോഡിന്റെ ഭാഗങ്ങളെടുത്ത് യന്ത്രസഹായത്തിൽ പുനഃചംക്രമണം ചെയ്ത് റോഡ് പുനർനിർമിക്കുന്ന പദ്ധതിയാണ് എഫ്.ഡി.ആർ. ഈ പദ്ധതിയിൽ പത്തനാപുരം മേഖലയിലെ നാല് റോഡുകളും തിരുവനന്തപുരം ഒറ്റശേഖരമംഗലത്തെ റോഡുകളും ഉൾപ്പെടെ 200 കോടിയുടെ കിഫ്ബി കരാർ ചണ്ഡീഗഡിലെ എൽ.എസ്.ആർ ഇൻഫ്രാകോൺ എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
എഫ്.ഡി.ആർ രീതിക്കായി ഉപയോഗിക്കുന്ന കൂറ്റൻ യന്ത്രങ്ങൾ, ടിപ്പർ ലോറികൾ, മണ്ണുമാന്തി യന്ത്രങ്ങൾ, ജനറേറ്ററുകൾ, ക്രെയിൻ എന്നിവ വഹിച്ച് എട്ടുദിവസങ്ങളെടുത്താണ് വാഗൺ ട്രെയിൻ കൊല്ലത്തെത്തിയത്. റോഡ് നിർമാണ കമ്പനി ഡയറക്ടർമാരായ ലവ്ലീൻ ധലിവാൽ സിംഗ്ല, ഗുർകൻവർ സിങ് ബേദി എന്നിവർ മേൽനോട്ടം നിർവഹിച്ചു.
വാഹനങ്ങളുടെ ടയറുകളിലെ വായു പൂർണമായും ഒഴിവാക്കിയിരുന്നതിനാൽ കൊല്ലത്തെത്തിച്ച് വായു നിറച്ചതിന് ശേഷമാണ് താഴെയിറക്കാനായത്. ആദ്യ വാഹനം തന്നെ പഞ്ചറായതോടെ മണിക്കൂറുകളെടുത്താണ് പ്രത്യേകം തയാറാക്കിയ റാംപിലൂടെ പൂർണമായും വാഹനങ്ങൾ പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

