ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല -വിവരാവകാശ കമീഷന്
text_fieldsകൊല്ലം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുനഃസൃഷ്ടിച്ച് രേഖ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ.എ. ഹക്കീം. ജില്ലതല ആര്.ടി.ഐ സിറ്റിങ്ങിലെ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം നല്കുന്നതില് ഓഫിസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും.
വിവരം നല്‍കുന്നതിന് നിരന്തരം തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്കനടപടിക്ക് വിധേയമാകും. വിവരം വൈകിച്ചാല്‍ 25,000 രൂപ വരെ പിഴയും നല്‍കേണ്ടിവരും. ആര്.ടി.ഐ അപേക്ഷകരെ ഒരുകാരണവശാലും വിവരാധികാരികള്‍ ഹിയറിങ്ങിന് വിളിക്കരുത്. ഓഫിസില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍, അത് ലഭ്യമായ ഓഫിസിലേക്ക് അയച്ചുകൊടുക്കണം. വിവരം ഫയലില്‍ ഉണ്ടെങ്കില്‍ നല്കാന് 30 ദിവസം വരെ കാത്തുനില്‍ക്കരുത്. ഹിയറിങ്ങില്‍ 31കേസുകളാണ് പരിഗണിച്ചത്.
കരുനാഗപ്പള്ളി പൊതുമരാമത്ത് റസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് പരാതി നല്കിയ വ്യക്തിയെ അപമാനിക്കുന്നതരത്തില്‍ പെരുമാറിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസി. എന്‍ജിനീയറെ കമീഷന് താക്കീത് ചെയ്തു. ഉത്സവവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പോസ്റ്റുകളില്‍ ഉച്ചഭാഷിണി സ്ഥാപിച്ചതും അനുമതിയില്ലാതെ ജനറേറ്ററും ശബ്ദവും വെളിച്ചവും ഉപയോഗിച്ചതിനെതിരെ സമര്‍പ്പിച്ച അപേക്ഷയില്‍ വിവരം ലഭ്യമാക്കാതിരുന്ന പെരുമ്പുഴ സെക്ഷന്‍ ഓഫിസിലെ എസ്.പി.ഐ.ഒ മുഴുവന്‍ വിവരങ്ങളും 10 ദിവസത്തിനകം ലഭ്യമാക്കണമെന്ന് നിർദേശിച്ചു.
കരുനാഗപ്പള്ളി സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസില്‍ വ്യക്തി സമര്‍പ്പിച്ച അപേക്ഷക്ക് ബന്ധപ്പെട്ട സഹകരണസംഘം സന്ദര്‍ശിച്ച് 10 ദിവസത്തിനകം വിവരങ്ങള്‍ നല്‍കാനും ഉത്തരവിട്ടു. ഫാത്തിമ മാത കോളജിലെ ഹിന്ദി വിഭാഗം അസി. പ്രഫസര്‍ നിയമനത്തിന് നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ഹരജി കക്ഷിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നല്കാന് തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

