ആഴക്കടലിൽ അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsമത്സ്യത്തൊഴിലാളികളായ ചാൾസ് മത്യാസ്, ജയിംസ് വിൻസന്റ് എന്നിവരെ രക്ഷപ്പെടുത്തി നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കൊല്ലം: കോവിൽത്തോട്ടം ലൈറ്റ് ഹൗസിന് 13 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് അറബിക്കടലിൽ വള്ളംമറിഞ്ഞ് അകപ്പെട്ട മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷിച്ചു. കൊല്ലം പോർട്ടിൽനിന്നും കഴിഞ്ഞ രാത്രി മത്സ്യബന്ധനത്തിനു പോയ പള്ളിത്തോട്ടം സ്വദേശി ഷെറിന്റെ ദൈവദാനം എന്ന വള്ളത്തിലെ ജീവനക്കാരായ പള്ളിത്തോട്ടം സ്വദേശി ചാൾസ് മത്യാസ്, ജയിംസ് വിൻസെന്റ്, ബെനഡിക്ട്, ബെൻസിഗർ ജോയി എന്നിവരാണ് വള്ളംമറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ബെൻസിഗർ ജോയിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരത്തുനിന്നും 24 കിലോമീറ്റർ അകലെ മത്സ്യബന്ധനത്തിനിടയിൽ രാത്രി 12ന് ഓടെ കടൽ ക്ഷോഭത്തിൽപ്പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു. തെറിച്ചു പോയ മത്സ്യത്തൊഴിലാളികൾ മറിഞ്ഞ വള്ളത്തിൽ പിടിച്ച് കിടന്ന് കരയിലേക്ക് സഹായത്തിന് സന്ദേശമയച്ചു. നീണ്ടകര തീരക്കടലിൽ പട്രോളിങ്ങിലായിരുന്ന തീരദേശ പൊലീസിന്റെ ദർശന എന്ന ഇന്റർസെപ്റ്റർ ബോട്ട് സഹായ സന്ദേശം ലഭിച്ചയുടൻ സംഭവ സ്ഥലത്തേക്ക് കുതിച്ചു. ഉദ്ദേശം ലക്ഷ്യം വെച്ച് സ്ഥലത്തെത്തിയ രക്ഷാസംഘം ഇരുട്ടിൽ ആഴക്കടലിൽ മറിഞ്ഞ വള്ളത്തിൽ പിടിച്ച് കിടക്കുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു. വള്ളവും വലയും ഉപേക്ഷിച്ച് കരയിലേക്ക് മടങ്ങാൻ തൊഴിലാളികൾ തയാറാകാതിരുന്നതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് മറൈൻ പൊലീസിന്റെ സഹായത്തോടെ തൊഴിലാളികളെയും വള്ളവും വലയും കരക്കെത്തിച്ചു.
'ദർശന' ബോട്ടിന്റെ മാസ്റ്ററായ സിവിൽ പൊലീസ് ഓഫിസർ ജി. സുജിത്ത്, ബോട്ട് ജീവനക്കാരായ ജോസഫ്, ശ്രീകുമാർ, കോസ്റ്റൽ പൊലീസ് എസ്.ഐ കെ.ജി. ശ്യാംകുമാർ, എ.എസ്.ഐ ദിലീപ്കുമാർ, മറൈൻ എ.എസ്.ഐ ഹരിലാൽ, ലൈഫ് ഗാർഡ് തോമസ് റോയി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

