ക്രമനമ്പർ ആവർത്തനം; എസ്.ഐ.ആർ എന്യൂമറേഷൻ ഫോറം അപ്ലോഡ് തടസമായി
text_fieldsപ്രതീകാത്മക ചിത്രം
പുനലൂർ: വോട്ടർ പട്ടികയിലെ ക്രമനമ്പർ ആവർത്തനം കാരണം എസ്.ഐ.ആർ ഫോം അപ്ലോഡ് ചെയ്യുന്ന പ്രവർത്തനം അവതാളത്തിലായി. പത്തനാപുരം നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 30 ലെ 2002 വോട്ടർപട്ടികയിലെ പാർട്ട് സീരിയൽ നമ്പറുകളാണ് നിരവധി വോട്ടർമാർക്ക് ആവർത്തിച്ച് വന്നിരിക്കുന്നത്.
2002ലെ വോട്ടർപട്ടികയിലെ പാർട്ട് സീരിയൽ നമ്പർ രേഖപ്പെടുത്തിയാണ് അന്ന് വോട്ടർ പട്ടികയിൽ പേരുള്ളവർ എസ്.ഐ.ആർ ഫോം പൂരിപ്പിച്ച് നൽകേണ്ടത്. പൂരിപ്പിച്ച ഫോമുകൾ ബി.എൽ.ഒമാർ കൈപ്പറ്റി അവരുടെ ആപ്പിലൂടെ ഇലക്ഷൻ കമീഷന്റെ സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോഴാണ് പിഴവ് മനസിലായത്. ക്രമനമ്പർ തെറ്റായി കാണിക്കുന്നതിനാൽ ആവർത്തിച്ചുള്ള ക്രമനമ്പറിൽ ആദ്യം അപ്ലോഡ് ചെയ്യുന്ന വോട്ടറുടേത് ഫലവത്താകും. ഇതേ നമ്പർ രേഖപ്പെടുത്തിയ രണ്ടാമത്തെ ആളുടെ ഫോം അപ്ലോഡ് ചെയ്യാൻ സാധിക്കാതെയും വരുന്നു.
മുപ്പതാം ബൂത്തിൽ 2002ലെ വോട്ടർപട്ടിക പ്രകാരം 950 ഓളം വോട്ടുകളാണുള്ളത്. ഇതിലെ ക്രമനമ്പർ ഒമ്പത് മുതൽ 292 വരെയാണ് ഭൂരിഭാഗം നമ്പറും ആവർത്തിക്കുന്നത്. വോട്ടർ പട്ടികയിൽ ഒരേ നമ്പർ തന്നെ രണ്ടുപേർക്ക് രേഖപ്പെടുത്തി വന്നിട്ടുള്ള വിവരം വോട്ടർമാർക്ക് അറിയാനും പ്രയാസമാണ്. ഇതറിയാതെ അവരവർക്ക് ലഭിച്ചിരിക്കുന്ന എസ്.ഐ.ആർ ഫോമിലും ഇതേ നമ്പർ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് ബി.എൽ.ഒ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതർക്ക് വ്യക്തമായ ധാരണയുമില്ല. സമയബന്ധിതമായി ഫോമുകൾ അപ്ലോഡ് ചെയ്തില്ലെങ്കിൽ ഡിസംബർ ഒമ്പതിന് ഇറങ്ങുന്ന കരട് പട്ടികയിൽ തങ്ങളുടെ പേരുകൾ വരില്ലെന്ന ആശങ്കയിലാണ് വോട്ടർമാർ. ഈ വിവരം ബന്ധപ്പെട്ടവർ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ പുനലൂർ ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തി. കലക്ടറുടെ റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമീഷന് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂവെന്നാണ് വിവരം. ഫോം അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ഡിസംബർ നാലായിരിക്കെ വോട്ടർമാരിൽ ഇത് ആശങ്ക ഉളവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

