മുങ്ങിയകപ്പലിലെ വസ്തുക്കൾ വീണ്ടെടുക്കൽ; ദൗത്യം പ്രതിസന്ധിയിൽ, സംഘം കടലിൽതന്നെ
text_fieldsഎം.എസ്.സി എൽസ ത്രീ
കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എൽസ ത്രീ കപ്പലിലെ വസ്തുക്കൾ കണ്ടെടുക്കാൻ കടലിൽ പോയ സംഘം പ്രവർത്തനം തുടങ്ങാനാവാതെ പ്രതിസന്ധിയിൽ. കൊല്ലം തുറമുഖത്തുനിന്ന് രണ്ട് കപ്പലിലായി ഈ മാസം 16ന് പുറപ്പെട്ട സംഘം കടലിൽതന്നെ തുടരുകയാണ്. ഉൾക്കടൽ പ്രക്ഷുബ്ധമായി തുടരുന്നതാണ് പ്രശ്നം.
ഡി.എസ്.വി സതേൺ നോവ, ഓഫ്ഷോർ മൊണാർക്ക് എന്നീ കപ്പലുകളിലായി 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുള്ളത്. കരയിൽനിന്ന് 35-40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയ ഭാഗത്താണ് സംഘം ഇപ്പോഴുള്ളത്. ഇവർക്കുള്ള വെള്ളം, ഭക്ഷണം എന്നിവയുമായി അഞ്ചു ദിവസം മുമ്പ് കടലിൽ പോയ ടഗ് വ്യാഴാഴ്ച കൊല്ലം പോർട്ടിൽ തിരിച്ചെത്തി. ഭക്ഷണ സാധനവുമായി അടുത്ത ദിവസം ടഗ് വീണ്ടും കടലിൽ പോകും.
എൽസ ത്രീയിലെ ബങ്കർ ഓയിൽ, അപകടകരമായ വസ്തുക്കൾ എന്നിവ കണ്ടെടുക്കുകയാണ് പ്രഥമ ദൗത്യം. കൂടാതെ, കടലിൽ മുങ്ങിയ അഞ്ഞൂറോളം കണ്ടെയ്നറുകളിൽ സാധ്യമായവയും വീണ്ടെടുക്കേണ്ടതുണ്ട്. മുംബൈ ആസ്ഥാനമായ മെർക്ക് സാൽവേജ് ഓപറേഷൻസ് കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം. സത്യം ഷിപ്പിങ് ആൻഡ് ലോജിക്റ്റിക്സ് ആണ് കൊല്ലത്തെ ഏജന്റ്. സംഘത്തിന് ഇനിയും കടലിൽ ഇറങ്ങാൻ സാധിച്ചിട്ടില്ലെന്നും പരിമിതമായ ആശയ വിനിമയം മാത്രമാണ് സാധിക്കുന്നതെന്നും സത്യം ഷിപ്പിങ് കമ്പനി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

