ഓപറേഷൻ തൂഫാൻ; ലഹരി വിപത്ത് നേരിടാൻ അമ്മമാരുടെ പിന്തുണ അനിവാര്യം -രമേശ് ചെന്നിത്തല
text_fieldsഓപറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് സംഘടിപ്പിച്ച ‘ജ്വാല 2026’ വനിത സംഗമത്തിന് മുന്നോടിയായി മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ റാലി
കൊല്ലം: യുവതലമുറയെ തളർത്തി കുടുംബങ്ങളെ ശിഥിലമാക്കുന്ന ലഹരി വിപത്തിനെ ചെറുക്കാൻ അമ്മമാരുടെ പിന്തുണ അനിവാര്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ല സിറ്റി പൊലിസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജ്വാല 2026’ വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിപത്തിൽനിന്ന് പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സ്ത്രീകൾക്ക് എല്ലാവിധ പിന്തുണയും പദ്ധതി നൽകുന്നു. ലഹരി വിൽപനയും വ്യാപനവും തടയുന്നതിനൊപ്പം ലഹരി വിമുക്തിയും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ലഹരിയുടെ കരാളഹസ്തങ്ങളിൽനിന്ന് ചെറുപ്പം മുതലേ കുട്ടികളെ മാറ്റി നിർത്താൻ അമ്മമാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പ്രമോ വീഡിയോ തയാറാക്കിയവരെ തൂഫാൻ ബാഡ്ജ് അണിയിച്ചു. പോസ്റ്റർ പ്രകാശനവും വനിത സംഗമ സന്ദേശവും ഡി.ജി.പി റവാഡ ചന്ദ്രശേഖർ നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, വിഷ്ണുമോഹൻ എം.എൽ.എ, മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കൗൺസിലർ ടി. ഷൈനി, കലക്ടർ ആനി ജൂല തോമസ്, സിറ്റി പൊലീസ് കമീഷണർ എം. ഹേമലത, അഡീഷനൽ എസ്.പി ജെ.കെ. ദിനിൽ എന്നിവർ പങ്കെടുത്തു. എസ്.എൻ കോളജ് മുതൽ ടൗൺഹാൾ വരെ ലഹരിവിരുദ്ധ റാലിയും നടത്തി.
എസ്.എന്‍ കോളജില്‍ ലഹരിവിരുദ്ധ കാമ്പയിന്‍
ഓപറേഷന്‍ തൂഫാന്റെ വിജയത്തിനായി കൂടുതല്‍ പിന്തുണ നല്‍കിയത് സ്ത്രീസമൂഹമാണന്ന് മന്ത്രി രമേശ് ചെന്നിത്തല. എസ്.എന്‍ കോളജില്‍ സംഘടിപ്പിച്ച ഓപറേഷന്‍ തൂഫാന്‍ ലഹരിവിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൂഫാന്‍ വാരിയര്‍ ബാഡ്ജ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ലൈജുവിനെ മന്ത്രി അണിയിച്ചു. വിഷ്ണു മോഹന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി. ഷൈനി, നര്‍ക്കോട്ടിക്സ് സെല്‍ എ.സി.പി റോബര്‍ട്ട് ജോണി, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ബി.എല്‍. ഷിബു, അര്‍ച്ചന, അനൂപ് ശങ്കര്‍, ഡോ. പി.എസ്. പ്രീത എന്നിവര്‍ പങ്കെടുത്തു.
‘ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹം അണിനിരക്കണം’
ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങൾ പിന്തുണയ്ക്കാന്‍ പൊതുസമൂഹംഅണിനിരക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന്‍ ലഹരി പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു.
5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലങ്ങു വീഴും. രാസലഹരി, ഹൈബ്രിഡ് ലഹരിവസ്തുക്കള്‍ എന്നിവയുടെ വ്യാപനം ചെറുക്കാന്‍ നിരീക്ഷണസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷന്‍ ചെയര്‍മാന്‍ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരിയെ മന്ത്രി തൂഫാന്‍ ബാഡ്ജ് അണിയിച്ചു. കേരള കാത്തലിക് ടീച്ചേഴ്‌സ് പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശ്ശേരി മയക്കുമരുന്ന് പ്രതിരോധം വിദ്യാലയത്തില്‍ എന്ന വിഷയത്തില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

