കിഴക്കൻ മലയോരത്ത് മഴ അതിശക്തം
text_fieldsകുളത്തൂപ്പുഴയാറിൽ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരം പാലത്തില്‍ കുടുങ്ങിയ നിലയില്‍
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ രണ്ടുദിവസമായി അനുഭവപ്പെടുന്ന മഴ ശക്തമായി തുടരുന്നു. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്.
കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ച അച്ചൻകോവിൽ കുംഭാവുരുട്ടിയിലും പാലരുവിയിലും അതിശക്തമായ നീരൊഴുക്കുണ്ട്.
അപകടഭീഷണി കണക്കിലെടുത്ത് രണ്ടിടവും താൽക്കാലികമായി അടച്ചു. തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടനിലയിലേക്ക് എത്തിയിട്ടില്ലെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു.
കുളത്തൂപ്പുഴ അമ്പതേക്കറിൽ ഞായറാഴ്ച ഉണ്ടായ നാശം ഒഴികെ മറ്റൊന്നും താലൂക്കിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, എല്ലാ വില്ലേജുകളിലും ജാഗ്രത നിർദേശമടക്കം മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് പുനലൂർ തഹസിൽദാർ കെ.എസ്. നസിയ അറിയിച്ചു. താലൂക്ക് ഓഫിസിൽ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
താലൂക്കിലെ മഴക്കെടുതി വിലയിരുത്താനും കൂടുതൽ മുൻകരുതൽ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും ചൊവ്വാഴ്ച രാവിലെ പത്തിന് പുനലൂർ പൊരുമരാമത്ത് റസ്റ്റ് ഹൗസിൽ പി.എസ്. സുപാൽ എം.എൽ.എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

