മഴയും കാറ്റും: കരുനാഗപ്പള്ളിയിൽ 43 വീടുകളും സ്കൂളും തകർന്നു
text_fieldsകരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം താലൂക്കിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും 43 വീടുകളും ഒരുസ്കൂളും രണ്ട് കാർ ഷെഡുകളും ഭാഗികമായി തകർന്നു. 12 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കൂറ്റൻ മരങ്ങൾ കടപുഴകിവീണും മരച്ചില്ലകൾ ഒടിഞ്ഞുമാണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായത്. അയണിവേലികുളങ്ങര സി.എം.എസ് സ്കൂളിന്റെ മുൻവശത്തെ ഷീറ്റിട്ട കെട്ടിടം ഭാഗികമായി തകർന്നു. സ്കൂളിൽ മാത്രം 25,000 രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ലൈനുകൾക്കു മുകളിൽ മരംവീണ് നിരവധി പോസ്റ്റുകളും തകർന്നു. 20 മണിക്കൂറോളം വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ഇനിയും ഏറെ സ്ഥലങ്ങളിൽ വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ ജീവനക്കാർ പരിശ്രമം നടത്തിവരികയാണ്. തേവലക്കരയിൽ കുഴംകുളം ജങ്ഷനിലെ വസ്ത്രവ്യാപാരശാലക്ക് മുകളിൽ മരം വീണ് ബോർഡുൾപ്പെടെ ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷൻ അഭിലാഷ് ഭവനിൽ പരേജയുടെ വീടിനു മുകളിൽ തേക്കുമരം കടപുഴകിവീണു. ആലപ്പാട് പുതുവീട്ടിൽ ബിൻസിയുടെ വീടിന് മുകളിൽ മരംവീണു. കേശവപുരം, ചങ്കേത്ത് തെക്കതിൽ മുഹമ്മദ് കുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വീണു.
പന്മന പഞ്ചായത്തിൽ വടക്കുംതല സുരേഷ് കുമാർ, പെരുങ്ങാല തെക്കതിൽ മാവേലിൽ ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ വീടിന് മുകളിൽ മരം വീണു. വൈദ്യുതി നിലച്ചതിനാൽ മിക്ക വീടുകളിലും വാഹന ടാങ്കുകളിൽ നിന്നാണ് കുടിവെള്ളം നിറച്ചത്.
ചെറുകിട നിർമാണ യൂനിറ്റുകൾ എല്ലാം നിശ്ചലമായി. തേവലക്കര മുള്ളിക്കാല കളീലുവിള വടക്കതിൽ സുരേഷ് കുമാറിന്റെ വീടിന് മുകളിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. മുള്ളിക്കാല കൊച്ചുമുക്കിൽ കിഴക്കതിൽ ഷംനയുടെ വീടിനും മരംവീണ് വീടിന് നാശനഷ്ടമുണ്ടായി. മുള്ളിക്കാല എ.എസ് മൻസിൽ ബുഷ്റാ ബീവിയുടെ വീടും മരം വീണ് തകർന്നു.
തഴവ എസ്.ആർ.പി മാർക്കറ്റ് ദാറുൽ അമീനിൽ ഷാമിലയുടെ വീട്ടുമുറ്റത്തെ കിണറും മതിലും ഇടിഞ്ഞു. ആദിനാട് പുന്നക്കുളം ശ്രീഭവനത്തിൽ ഗോപാലകൃഷ്ണൻ നായരുടെ വീടിന് മുകളിൽ മരം വീണു. തേവലക്കര-കോയിവിള ഭരണിക്കാവ് റോഡിന് കുറുകെ പാലമരം വീണു. തേവലക്കര പാലയ്ക്കൽ യാസർ മൻസിൽ സലീമിന്റെ വീട്ടിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. നീണ്ടകര ഒന്നാം വാർഡിൽ എയ്ഞ്ചൽ മേരിയുടെ വീടും ഭാഗമായി തകർന്നു. ക്ലാപ്പന വരവിള പ്ലാമൂട്ടിൽ കിഴക്കതിൽ ശശിയുടെ വീടിന് മുകളിൽ മരം വീണു. ക്ലാപ്പന വടക്ക് എസ്.എം മൻസിൽ ഷംസുദ്ദീന്റെ കടയുടെ മുകളിൽ മരം വീണു.
ക്ലാപ്പന തെക്ക് ചെങ്ങാലപ്പള്ളിത്തറയിൽ വിജയൻ, വടക്കുംഭാഗം ചിറയുടെ വടക്കതിൽ ഉണ്ണികൃഷ്ണന് എന്നിവരുടെ വീടിന് മുകളിൽ മരം വീണു. തെക്കുംഭാഗം ചെങ്കമത്ത് ജൂലിയറ്റ് സേവിയറിന്റെ വീടും തകർന്നു. ദുരിത ബാധിത പ്രദേശങ്ങൾ കരുനാഗപ്പള്ളി തഹസിൽദാർ സുശീല, ഡെപ്യൂട്ടി തഹസിൽദാർമാരായ അനീഷ്, സാബിത്, വിവിധ വില്ലജ് ഓഫിസർമാരുടെ സംഘം സന്ദർശിച്ചു.
കരുനാഗപ്പള്ളി: മരംവീണ് വീട്ടിൽ കയറാൻ കഴിയാത്ത വൃദ്ധദമ്പതികളെ അപകടത്തിൽ നിന്ന് രക്ഷപെടുത്തിയും വീടിനുള്ളിൽ കുടുങ്ങിയ 80 വയസ്സുകാരിയെ പൂട്ടുപൊളിച്ച് രക്ഷപെടുത്തിയും അഗ്നിരക്ഷാസേന. വാർധക്യസഹജമായ അസുഖവും മറവിരോഗവും മൂലം ഹോം കെയർ സംരക്ഷണയിലായിരുന്ന റിട്ട. അധ്യാപിക കരുനാഗപ്പള്ളി തുറയിൽകുന്ന് കൊല്ലൻറയ്യത്ത് തങ്കമണി (80) യെ ആണ് കരുനാഗപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഒറ്റക്ക് താമസിക്കുന്ന ഇവർ ഹോം നഴ്സിന്റെ സംരക്ഷണയിലായിരുന്നു.
നഴ്സ് രാവിലെ എത്തിയപ്പോൾ വീട്ടിലെ ലോക്ക് തുറക്കാൻ പറ്റാത്തതിനെ തുടർന്ന് വൃദ്ധ അവശനിലയിലായി. ഫയർ സർവിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ പൂട്ട് പൊളിച്ച് അവശനിലയിലായ തങ്കമണിയെ സേനയുടെ ആംബുലൻസിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
വീടിനു മുന്നിൽ മരം വീണതിനെ തുടർന്ന് അകത്തു കടക്കാൻ കഴിയാതിരുന്ന ആലപ്പാട് പഞ്ചായത്തിലെ നാലാം വാർഡിൽ സുനാമി സ്മൃതി മണ്ഡപത്തിന് സമീപം ക്ലീറ്റസിനേയും ഭാര്യ മോളിയേയും സേനാംഗങ്ങൾ ചെയിന് ഉപയോഗിച്ച് മരം മുറിച്ചു നീക്കിയാണ് വീടിന്റെ അപകടാവസ്ഥ ഒഴിവാക്കി അകത്തുകയറിയത്. വയോധികരായ ക്ലീറ്റസും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം.
രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫിസർ എ. അബ്ദുസ്സമദ്, സീനിയർ ഓഫിസർ ജി. സുനിൽകുമാർ, ഫയർ ഓഫിസർമാരായ അനീഷ്, നാസിം, ഹരീഷ്, ബാത്തിൻഷ, ബിജു ടി. എബ്രഹാം, രാഹുൽ, സച്ചു, സുധീഷ്, വിഷ്ണു, മൻസൂർ, അനുരാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

