ലോക നിലവാരത്തിലേക്കുയരാൻ കൊല്ലം റെയിൽവേ സ്റ്റേഷൻ
text_fieldsകൊല്ലം: വിമാനത്താവള മാതൃകയില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വെദ്യുതീകരണം പൂര്‍ത്തിയായ കൊല്ലം-പുനലൂര്‍ പാതയുടെ സമര്‍പ്പണവും കൊല്ലം-പുനലൂര്‍ പാതയില്‍ സർവിസ് ആരംഭിച്ച മെമുവിന്റെ ഫ്ലാഗ്ഓഫും പ്രധാനമന്ത്രി നിർവഹിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിന് എറണാകുളം സിയാല്‍ കൺവെന്ഷന് സെന്ററില്‍നിന്ന് ഓണ്‍ലൈനായാണ് അദ്ദേഹം പദ്ധതികൾ ഉദ്ഘാടനം ചെയ്തതത്.
കൊല്ലം-പുനലൂര്‍ പാത വൈദ്യുതീകരിക്കുന്നതിലൂടെ യാത്രാസൗകര്യം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തതിന് പിന്നാലെ പുനലൂരിലേക്കുള്ള ആദ്യ മെമുവിന്റെ യാത്രയും ആരംഭിച്ചു. സമാനതകളില്ലാത്ത വികസനമാണ് കൊല്ലത്ത് ആരംഭിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത് കൊല്ലത്ത് സംസാരിച്ച എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. 2041 ലക്ഷ്യമിട്ടുള്ള വികസമാണ് ആവിഷ്കരിച്ചിട്ടുള്ളത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ടൈംലൈന്‍ സഹിതമുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഘട്ടംഘട്ടമായിട്ട് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയത് നിർമിക്കുമെന്നും എം.പി പറഞ്ഞു.
എയര്‍പോര്‍ട്ട് മാതൃകയില്‍ ലോകനിലവാരത്തില്‍ 361.17 കോടിയുടെ വികസന പദ്ധതിക്കാണ് ജില്ലയില്‍ തുടക്കംകുറിച്ചത്. വൈദ്യുതീകരണം പൂര്‍ത്തിയായ കൊല്ലം-പുനലൂര്‍ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിന് പകരമായാണ് പുതിയ മെമു സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. 44 കിലോമീറ്ററാണ് കൊല്ലം-പുനലൂര്‍ പാത വൈദ്യുതീകരിച്ചത്. പൊതുജനങ്ങള്‍ക്ക് പരിപാടി കാണുന്നതിന് പ്രത്യേക പവലിയനും സ്ക്രീനും ഒരുക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, റെയില്‍വേ ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ മധുരപലഹാര വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

