ആവേശമായി രാഹുൽ ഗാന്ധി; സ്മരണയിൽ നിറഞ്ഞ് ഗുരുവും ഗാന്ധിയും
text_fieldsകൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷ വേദിയിൽ പാണക്കാട് മുനവ്വറലി ശിഹാബ്
തങ്ങൾ രാഹുൽ ഗാന്ധിയുമായി സൗഹൃദ സംഭാഷണത്തിൽ
കൊല്ലം: ഗുരുവചനങ്ങളും പ്രാർഥനഗീതങ്ങളും നിറഞ്ഞ വേദിയിൽ സ്മരണയിൽ നിറഞ്ഞ് ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ഒരു നൂറ്റാണ്ട് മുമ്പ് നടത്തിയ കൂടിക്കാഴ്ച. നൂറ്റാണ്ടിലെ മഹത്തരമായ ആ ഒത്തുചേരലിന് ആദരവായി ഒരുക്കിയ ശതാബ്ദി ആഘോഷത്തിലേക്ക് ലോക്സഭ നേതാവ് രാഹുൽ ഗാന്ധി പറന്നിറങ്ങിയതോടെ പതിനായിരക്കണക്കിന് പേർ ഒഴുകിയെത്തിയ ആശ്രാമം മൈതാനം ആവേശക്കടലായി. ശിവഗിരി മഠവും രാജീവ്ഗാന്ധി പഠനഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ മതമേലധ്യക്ഷരും കേരളത്തിലെ കോൺഗ്രസ് സംഘടന സംവിധാനവും സജീവസാന്നിധ്യമായി.
രാവിലെ 11ന് രാഹുൽ ഗാന്ധി എത്തുമെന്നതിനാൽ അതിനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആശ്രാമത്തെ സമ്മേളനവേദി സജീവമായിരുന്നു. സമീപ ജില്ലകളിൽ നിന്നുൾപ്പെടെ ശ്രീനാരായണ ഭക്തരും കോൺഗ്രസ് അനുയായികളും ഒഴുകിയെത്തി. ഗുരുവന്ദനത്തോടെ ആരംഭിച്ച്, സർവമതസമ്മേളനത്തോടെയാണ് ശതാബ്ദി ആഘോഷത്തിന് പൂർണത കൈവന്നത്. നിശ്ചയിച്ചതിലും അരമണിക്കൂറോളം വൈകി ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ രാഹുൽ ഗാന്ധിയെയും വഹിച്ച് ഹെലികോപ്റ്റർ പറന്നിറങ്ങിയപ്പോഴേക്കും സദസ്സ് ജനനിബിഡമായിരുന്നു. വേദിയിലെത്തിയ രാഹുൽ ഗാന്ധിയെ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
രാഹുൽ ഗാന്ധിയെ കൂടാതെ പാണക്കാട് മുനവറലി തങ്ങൾ, സ്വാമി ഋതംബരാനന്ദ, ശുഭാംഗാനന്ദ സ്വാമി, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത, കുര്യാക്കോസ് മാർ സെവറിയോസ് മെത്രാപൊലീത്ത, ഡോ. സാമുവൽ മാർ തിയോഫിലിസ് മെത്രാപൊലീത്ത, ബിഷപ് ഡോ. ഉമ്മൻ ജോർജ്, ബിഷപ് ജോസ് ജോർജ്, ഫാദർ ലാസർ പട്ടകടവ്, എം.പിമാരായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, അബ്ദുസ്സമദ് സമദാനി, കൊടിക്കുന്നിൽ സുരേഷ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, രമേശ് ചെന്നിത്തല എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവർ മാത്രമാണ് സംസാരിച്ചത്.
എ.ഐ.സി.സി സെക്രട്ടറി ദീപദാസ് മുൻഷി, എം.പിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ജെബി മേത്തർ, ഷാഫി പറമ്പിൽ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, സജീവ് ജോസഫ്, ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ, ഷാനിമോൾ ഉസ്മാൻ, എം. ലിജു, ബിന്ദുകൃഷ്ണ, എം.എം. നസീർ, പി. ജർമിയാസ്, എ. ഷാനവാസ് ഖാൻ, ജ്യോതികുമാർ ചാമക്കാല, സൈമൺ അലക്സ് ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.
ഗുരുവിന്റെയും ഗാന്ധിജിയുടെയും മൂല്യങ്ങളിലൂന്നി ജീവിതം നയിക്കേണ്ടതിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ലളിതപ്രസംഗം ആവേശപൂർവമാണ് സദസ്സ് ഏറ്റെടുത്തത്. സത്യവും അഹിംസയും ചർച്ചയായ ഗുരു-ഗാന്ധി സമാഗമത്തിന്റെ പ്രധാന്യം അദേഹം പ്രസംഗത്തിലുടനീളം വിവരിച്ചു. ഉച്ചക്ക് ഒന്നോടെ രാഹുൽഗാന്ധി ഇടുക്കിയിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങുന്നത് വരെ ആളൊഴിയാതെ നിറഞ്ഞുനിൽക്കുകയായിരുന്നു ആശ്രാമം മൈതാനം. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആയിരങ്ങൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉൾപ്പെടെ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

