റഹീമിന്റെ ഓട്ടോക്ക് കരുണയാണ് ഇന്ധനം
text_fieldsറഹിം ഓട്ടോയുമായി
ഇരവിപുരം: ഓട്ടോ ദിവസവാടകക്കെടുത്ത് ഓടിച്ച് ഉപജീവനം നടത്തുന്ന റഹീം എന്ന അമ്പത്തിഒന്നുകാരൻ കാൻസർ ബാധിതർക്ക് ഒരു കൈത്താങ്ങാണ്. അദ്ദേഹത്തിന്റെ ഓട്ടോയിൽ കയറുന്ന കാൻസർ രോഗികൾക്ക് യാത്രാക്കൂലി കൊടുക്കേണ്ടതില്ല എന്നത് മാത്രമല്ല അവർക്കാവശ്യമായ ഭക്ഷണവും ഇദ്ദേഹം വാങ്ങിനൽകും. ഏത് ഓട്ടോ വാടകക്ക് എടുത്താലും അതിനുപിറകിൽ കാൻസർ രോഗികൾക്ക് യാത്രയും ഭക്ഷണവും സൗജന്യമെന്ന പോസ്റ്റർ പതിക്കും. ജില്ല ആശുപത്രിയിലെ കാൻസർ സെൻററിൽ എത്തുന്ന നിരവധി രോഗികൾക്ക് ആശ്രയമാണ് റഹീം.
നഗരവീഥികളിൽ ഉന്തുവണ്ടിയിൽ പഴവർഗങ്ങൾ വിൽപന നടത്തിയിരുന്നപ്പോഴാണ് ഇത്തരമൊരു ആശയം റഹീമിന്റെ മനസ്സിലുദിച്ചത്. ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതിനാൽ ദിവസ വാടകക്ക് നഗരത്തിൽ നിന്നുതന്നെ ഒരു ഓട്ടോ എടുക്കുകയായിരുന്നു. രോഗികളുമായി പോകുന്ന ദിവസം ഓട്ടോയുടെ വാടക പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ റഹീമിന് ഉണ്ടായിട്ടുണ്ട്. ഓട്ടോയിൽ കയറുന്ന രോഗികൾക്ക് അവർ ആവശ്യപ്പെടുന്ന ഭക്ഷണവും വാങ്ങി നൽകും.
റഹീമിന്റെ ഓട്ടോയിൽ ഒരു തവണ കയറിയിട്ടുള്ളവർ വീണ്ടും ഇദ്ദേഹത്തെ തേടിയെത്താറുണ്ട്. ആർ.സി.സിയിൽ പോയ ശേഷം തിരികെ കൊല്ലത്ത് ട്രെയിനിലോ ബസിലോ വന്നിറങ്ങുന്നവർക്ക് റഹീമിന്റെ സേവനം ലഭിക്കാറുണ്ട്. ഓട്ടോയിലെ ബോർഡ് കണ്ട് പലരും ആട്ടോ കൈ കാണിച്ചുനിർത്തി വിവരങ്ങളും ഫോൺ നമ്പറും ചോദിച്ചറിയാറുണ്ട്. വാടകവീട്ടിലാണ് താമസമെങ്കിലും രോഗികളോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹവും കരുതലും വളരെ വലുതാണ്.
നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന കൊല്ലം ചിന്നക്കടയിൽ സുമനസ്സുകൾ ചേർന്ന് രൂപവത്കരിച്ച തണൽ കൂട്ടായ്മയുടെ സെക്രട്ടറി കൂടിയായ റഹിം കൊല്ലം പള്ളിത്തോട്ടം സ്വദേശിയാണ്. ഇപ്പോൾ ചകിരിക്കടയിൽ വാടകക്ക് താമസിക്കുന്നു. തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

