പുറ്റിങ്ങൽ വെടിക്കെട്ട് അപകടം; പ്രാഥമിക വാദം 22ലേക്ക് മാറ്റി
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ കുറ്റപത്രം നൽകുന്നതിനുള്ള പ്രാഥമിക വാദം മേയ് 22ന് കേൾക്കും. ബുധനാഴ്ച കേസ് പരിഗണിച്ച നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷാണ് കേസ് 22ലേക്ക് മാറ്റിയത്.
പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മത്സരകമ്പവുമായി ബന്ധപ്പെട്ട വെടിക്കെട്ടപകടത്തിൽ 2016 ഏപ്രിൽ ഒമ്പതിന് 110 പേർ മരണപ്പെടുകയായിരുന്നു. കേസിലെ 59 പ്രതികളിൽ 13 പേർ മരണപ്പെട്ടു. ബാക്കി 46 പേരിൽ 34 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായി. 11 പേർ അവധി അപേക്ഷ നൽകി. 30ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് അടക്കം കോടതിയിലെത്തിയ സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നതിന് പ്രാഥമിക വാദം 22ന് നടക്കുക.
ഇതിനിടെ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30ാം പ്രതി അനുരാജിന്റെ ജാമ്യക്കാർക്ക് പിഴത്തുകയിൽ 90,000 രൂപയുടെ ഇളവ് കോടതി അനുവദിച്ചു.
കരുനാഗപ്പള്ളി മണപ്പള്ളി ഗോകുൽഭവനിൽ ഗോപിനാഥൻ, പെരുങ്ങുഴി മലപ്പാലം കൈലാസിൽ അജിത എന്നിവർക്കാണ് ജഡ്ജി ഇളവ് നൽകിയത്. കോടതിയിൽ ജാമ്യം നേടിയ ശേഷമാണ് അനുരാജ് ഒളിവിൽ പോയത്. ഇയാളും ഒന്നും രണ്ടും ജാമ്യക്കാരും ഒരു ലക്ഷം രൂപവീതം ബോണ്ടിലാണ് ജാമ്യം നേടിയത്.
പ്രതി ഒളിവിലായതോടെ ബോണ്ട് തുക പിഴയായി അടക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. രോഗികളായ ഇരുവരും പരമാവധി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കഴിഞ്ഞദിവസം അപേക്ഷ നൽകി. അവരുടെ സാഹചര്യം പരിഗണിച്ചാണ് പിഴത്തുക 10,000 രൂപയായി നിശ്ചയിച്ചത്. പ്രോസിക്യൂഷനുവേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

