സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കുറ്റക്കാരൻ; ശിക്ഷ ഇന്ന്
text_fieldsകൊല്ലം: തന്നെയും ഭാര്യയെയും കുറിച്ച് അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അഞ്ചൽ അലയമൺ മൂങ്ങോട് ഇടക്കുന്നിൽ വീട്ടിൽ ലൈബു (46) ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
പുനലൂർ അലയമൺ ആനക്കളം മെത്രാൻ തോട്ടത്തിൽ കുടുക്കത്ത് പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം കമ്പകത്തുംമൂട്ടിൽ കുട്ടപ്പനെയാണ് വെട്ടി കൊലപ്പെടുത്തിയത്. 2021 ഏപ്രിൽ 17ന് രാത്രി 1.30ഓടെ ലൈബുവിന്റെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടപ്പൻ പ്രതിയുടെ സുഹൃത്തും കൃഷി സ്ഥലത്തെ ജോലിക്കാരനുമായിരുന്നു. പ്രതിയെയും ഭാര്യയെയും കുറിച്ച് കുട്ടപ്പൻ അപവാദങ്ങൾ പ്രചരിപ്പിച്ചതായി ലൈബു സംശയിച്ചിരുന്നു.
തുടർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുട്ടപ്പന്റെ വീട്ടിൽ ഉച്ചക്ക് 1.30ഓടെ പോയി ഓട്ടോയിൽ ലൈബുവിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. തുടർന്ന് കുട്ടപ്പന് മദ്യം നൽകി. അവശനായിരുന്ന കുട്ടപ്പനെ ലൈബു കൊടുവാളുപയോഗിച്ച് വെട്ടുകയായിരുന്നു. പിതാവ് തിരികെ വീട്ടിൽ വരാൻ താമസിച്ചതിനെ തുടർന്ന് കുട്ടപ്പന്റെ മകൻ വിഷ്ണു അന്വേഷിച്ച് ലൈബുവിന്റെ വീടിന് സമീപം എത്തിയപ്പോൾ ആക്രമണം കാണുകയായിരുന്നു. വിഷ്ണു നാട്ടുകാരെ കൂട്ടി പൊലീസിന്റെ സഹായത്തോടെ കുട്ടപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രതിയെ പൊലീസ് അന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അഞ്ചൽ ഇൻസ്പെക്ടറായിരുന്ന സൈജുനാഥാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് ആണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

