ആര്യങ്കാവിൽ കാട്ടുകൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു
text_fieldsപുനലൂർ: ആര്യങ്കാവ് വനം റേഞ്ചിലെ ഇരുളൻകാട്ടിൽ സ്വകാര്യ ഭൂമിയോട് ചേർന്ന് കാട്ടാന വൈദ്യുതിതാഘാതമേറ്റ് ചെരിഞ്ഞു. കാട്ടിൽനിന്നും ഇറങ്ങി പ്ലാവിലെ ചക്ക പറിക്കുന്നതിനിടെയാണ് കൊമ്പനാന അപകടത്തിൽപെട്ടത്. രണ്ടു ദിവസം പഴക്കമുള്ള ജഡം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് തോട്ടം തൊഴിലാളികൾ കണ്ടത്.
കഴുതുരുട്ടി സ്വദേശി സദാശിവന്‍റെ തോട്ടത്തിലാണ് ആന അപകടത്തിലായത്. പുരയിടത്തിലൂടെയുള്ള വൈദ്യുതി ലൈനിൽ തുമ്പിക്കൈ കുരുങ്ങിയ നിലയിലാണ്. ഉദ്ദേശം ഇരുപതോളം വയസ് പ്രായംവരും.
തുമ്പികൈ കൊണ്ട് ചക്ക എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ മരത്തോട് ചേർന്നുള്ള ലൈനിൽനിന്നും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ ആനകൾ ഇറങ്ങി ചക്കയടക്കം വിളകൾ തിന്നുന്നത് പതിവാണ്.
തെന്മല റേഞ്ച് ഓഫീസർ ജയന്‍റെ നേതൃത്വത്തിൽ ആര്യങ്കാവിലെ വനപാലകർ സ്ഥലത്തെത്തി. ചൊവ്വാഴ്ച രാവിലെ ആനയെ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സംസ്കരിക്കും. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് വനപാലകർ പറഞ്ഞു.