ഉറുകുന്നിൽ ഭീതി പടർത്തിയ കാട്ടുപന്നി കുരുക്കിലായി
text_fieldsപുനലൂർ: തെന്മല പഞ്ചായത്തിലെ ഉറുകുന്നിൽ നാലുപേരെ ആക്രമിക്കുകയും വീണ്ടുമെത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഒറ്റയാൻ കാട്ടുപന്നിയെ നാട്ടുകാർ കുരുക്കിട്ടു പിടിച്ചു. ഉറുകുന്ന് ഇന്ദിരാനഗർ വാർഡിൽ വെള്ളച്ചാൽ കനാൽ ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലും ഒറ്റയാൻ ഭീതി പരത്തിയത്. കനാൽ റോഡിലുടെ നടന്നുപോയ വെള്ളച്ചാൽ സ്വദേശികളായ ജഗദമ്മ, പ്രസാദ്, എന്നിവരെ പന്നി കുത്തി പരിക്കേൽപ്പിച്ചു. ഈ സമയം എത്തിയ ഒരു ബൈക്ക് പന്നി കുത്തി മറിച്ചതിനെ തുടർന്ന് വീണ് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്കും പരിക്കേറ്റിരുന്നു.
രാത്രി ഏഴോടെ വീണ്ടുമെത്തിയ പന്നി റോഡിലും പരിസരത്തു നിലയുറപ്പിച്ചു. തുടുർന്ന് റോഡ് വശത്തെ വീടുകളിൽ കയറാൻ ആളുകളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ സംഘടിച്ച് കുരുക്കിട്ടു പിടിക്കുകയായിരുന്നു. പിന്നീട് തെന്മല വനപാലകർ എത്തി പന്നിയെ കൊണ്ടുപോയി.

