വീട്ടുമുറ്റത്തുപോലും പന്നിക്കൂട്ടം; അച്ചൻകോവിലിൽ ജനം ഭീതിയിൽ
text_fieldsഅച്ചൻകോവിലിൽ ഒരു വീട്ടുമുറ്റത്ത് തിങ്കളാഴ്ച വൈകീട്ട് ഇറങ്ങിയ പന്നിക്കൂട്ടം
പുനലൂർ: രാപകൽ വ്യത്യാസമില്ലാതെ കൃഷിയിടം കൂടാതെ വീട്ടുമുറ്റത്തുപോലും കാട്ടുപന്നികൾ വിഹരിക്കുന്ന അച്ചൻകോവിലിൽ ജനജീവിതം ഭീതിയിൽ. മണ്ഡല വ്രതകാലം ആരംഭിച്ചതോടെ ഇവിടെത്തുന്ന അയ്യപ്പൻമാർക്കും പന്നികൾ ഭീഷണിയായി. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ജനവാസ മേഖലയിൽ കാട്ടുപന്നികളുടെ ഉപദ്രവം രൂക്ഷമാണ്. പകൽ പോലും പന്നിക്കൂട്ടം മൂലം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതായി.
നാശകാരികളായ കാട്ടുപന്നികളെ വെടിെവച്ചു കൊല്ലാൻ ഉത്തരവ് ഉണ്ടെങ്കിലും വനം വകുപ്പും പഞ്ചായത്തും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പിനോട് അന്വേഷിക്കുമ്പോൾ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അവരാണ് നടപടി എടുക്കേണ്ടതെന്നുമാണ് പറയുന്നത്. എന്നാൽ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആര്യങ്കാവ് മുൻപഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബു പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ വീട്ടിനുള്ളിൽ പന്നി കയറി വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. മണ്ഡലകാലമായതിനാൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ തീർഥാടകരുടെ വരവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു അയ്യപ്പ ഭക്തനെ പന്നികുത്തി പരിക്കേൽപ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യവുമാണ്. ഈ അവസ്ഥയിൽ കാട്ടുപന്നികളെ വിഹരിക്കാൻ വിടുന്നത് നാട്ടുകാരോടുള്ള അധികൃതരുടെ ദ്രോഹ നിലപാടാെണന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

