പുനലൂർ: പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാേൻറഷനിലെ ഫാക്ടറി കോംപ്ലക്സിൽ വനിതാ ജീവനക്കാരെ ദേഹപരിശോധന നടത്താൻ സെക്യൂരിറ്റി ജീവനക്കാരന് അനുവാദം നൽകിയവരെ സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് ആർ.പി.എൽ സ്റ്റാഫ് യൂനിയൻ ആവശ്യപ്പെട്ടു.
രണ്ടു വനിതാജീവനക്കാരെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് വരവേ സെക്യൂരിറ്റി തടഞ്ഞുനിർത്തി തൊഴിലാളികളുടെയും മറ്റ് ജീവനക്കാരുടെയും മുന്നിൽെവച്ച് പരിശോധന നടത്തിയത്. മിനിസ്റ്റീരിയൽ വിഭാഗത്തിലെ ജോലിചെയ്യുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വനിത ഉദ്യോഗസ്ഥരെയും മറ്റൊരു മിനിസ്റ്റീരിയൽ ജീവനക്കാരിയെയുമാണ് കുറേനാളുകളായി ചില ജീവനക്കാർ ബുദ്ധിമുട്ടിക്കുന്നത്.
ആർ.പി.എല്ലിെൻറ ചരിത്രത്തിലാദ്യമാണ് ഇത്തരത്തിൽ ജീവനക്കാരെ പരിശോധിക്കുന്നത്. പരിശോധനയുടെ പേരിൽ ഇവരുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന ബാഗ് മുഴുവനും പരിശോധിച്ചു. കാൽ മണിക്കൂറോളം പരിശോധിച്ച ശേഷമാണ് ഇവരെ കടന്നുപോകാൻ സെക്യൂരിറ്റി ജീവനക്കാരൻ അനുവദിച്ചത്.
മാനേജ്മെൻറിെൻറ ചില മോശം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാത്തതുകൊണ്ട് ഫാക്ടറിയിലെ ജീവനക്കാരെ പീഡിപ്പിക്കുന്നത് നിത്യസംഭവമായി മാറിയതായി യൂനിയൻ നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ പട്ടികജാതി വകുപ്പിലും വനിതാകമീഷനിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് യൂനിയൻ പ്രസിഡൻറ് മുൻ എം.എൽ.എ പുനലൂർ മധു, ജനറൽ സെക്രട്ടറി സി. വിജയകുമാർ, വർക്കേഴ്സ് യൂനിയൻ നേതാക്കളായ ഏരൂർ സുഭാഷ്, സാബു എബ്രഹാം എന്നിവർ അറിയിച്ചു.