പൊലീസ് സംഘത്തിനുനേരെ കൈയേറ്റം; രണ്ടുപേർ പിടിയിൽ
text_fieldsപ്രവീൻ പ്രിൻസ്, ജോമോൻ
പുനലൂർ: ഓട്ടോറിക്ഷാ ഡ്രൈവറെ മർദിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ കൈയേറ്റം ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു. കരവാളൂർ തിരുവഴിമുക്ക് ബിജോ ഭവനിൽ പ്രവിൻ പ്രിൻസ് (24), കരവാളൂർ തിരുവഴിമുക്ക് ജോളി വിലാസത്തിൽ ജോമോൻ (35) എന്നിവരാണ് പിടിയിലായത്. അക്രമത്തിൽ പുനലൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ. ഇടമൺ ക്ഷേത്രഗിരി അർച്ചന ഹൗസിൽ മണിക്ക് (52) പരിക്കേറ്റു. മണി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കരവാളൂര്‍ ജങ്ഷനില്‍ കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സംഭവം. കരവാളൂര്‍ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറെ രണ്ടംഗ സംഘം തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് മര്‍ദിച്ചു. ഈസമയം പട്രോളിങ്ങിന് പോയ പുനലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി. രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുകണ്ട് അക്രമിസംഘത്തെ തടയാൻ ശ്രമിച്ചതോടെ അവർ പൊലീസിന് നേരെ തിരിയുകയായിരുന്നു. അക്രമികൾ കത്തി പൊലീസ് ഡ്രൈവർ മണിയുടെ നേർക്ക് വീശുകയും തുടർന്ന് കല്ല് കൊണ്ട് തലക്ക് ഇടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. തുടർന്ന് കൂടുതല്‍ പൊലീസ് സേന സംഭവ സ്ഥലത്തെത്തിയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.

