ആദിവാസി പുനരധിവാസ പദ്ധതി സുരക്ഷിതമല്ലാത്ത നിലയിൽ
text_fieldsഅച്ചൻകോവിൽ മൂന്ന് മുക്കിൽ ആദിവാസികൾക്കായി നിർമിക്കുന്ന വിടിന് സമീപം കുന്ന് ഇടിഞ്ഞ നിലയിൽ
പുനലൂർ: അച്ചൻകോവിൽ വനത്തിൽ കഴിയുന്ന ആദിവാസികളെ അവിടെനിന്നും മാറ്റിപാർപ്പിക്കുന്ന ഭവനനിർമാണ പദ്ധതി സുരക്ഷിതമല്ലാത്ത നിലയിൽ. അച്ചൻകോവിൽ മുതലതോട്ടിലെ തേക്ക് തോട്ടത്തിൽ കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റുന്നത്. അച്ചൻകോവിലിലെ ജനവാസ മേഖലയിൽ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീട് നിർമിച്ചു നൽകിയാണ് ഈ കുടുംബങ്ങളെ കാട്ടിൽ നിന്നും ഒഴിപ്പിക്കുന്നത്. ഇവിടുള്ള 16 കുടുംബങ്ങൾക്കാണ് ഭൂമിയും വീടും വേണ്ടത്. ഇതിനായി 14 കുടുംബം അപേക്ഷ നൽകിയിരുന്നു.
അച്ചൻകോവിൽ ഒന്നാം വാർഡിൽ എട്ടും രണ്ടാം വാർഡിൽ ആറു വീടുമാണ് നിർമിക്കുന്നത്. സ്ഥലത്തിനും വീടിനുമായി ഒരു കുടുംബത്തിന്15 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. മൂന്ന് മുക്ക് ഭാഗത്ത് ഇതിനായി വാങ്ങിയ കുന്നായ ഭൂമി ഇടിച്ചുനിരപ്പാക്കി വീട് നിർമാണം തുടങ്ങിയെങ്കിലും മലയിടിച്ചിൽ ഉണ്ടാകുന്ന ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം നടത്താൻ അധികൃതർ തയാറായിട്ടില്ല.
വീട് നിർമാണം നടക്കുന്ന കുന്നായ ഭാഗം ഇതിനകം പലതവണ മണ്ണിടിഞ്ഞ് വീട് നിർമാണം നടക്കുന്ന ഭാഗത്തേക്ക് വീണു. ശക്തമായ മഴയിൽ ഈ ഭാഗത്തെ കുന്ന് പൂർണമായി ഇടിഞ്ഞ് താഴേക്ക് വീഴുന്ന സാഹചര്യമാണ് ഉള്ളത്. പട്ടികവർഗ വികസന വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന ഈ പദ്ധതിയിൽ സംരക്ഷണ ഭിത്തി നിർമാണത്തിന് ഫണ്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

