ആര്യങ്കാവിൽ മരങ്ങൾ കടപുഴകി ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം മുടങ്ങി
text_fieldsമരം വീണതിനെ തുടർന്ന് ദേശീയപാതയിൽ കുടുങ്ങിയ വാഹനങ്ങൾ
പുനലൂർ: ദേശീയപാതയോരത്ത് ആര്യങ്കാവിൽ കൂറ്റൻ മരങ്ങൾ കടപുഴകി. ഒരു മരം ഹോട്ടലിന് മുകളിലേക്കും മറ്റൊന്ന് ആറ്റിലേക്കുമാണ് മറിഞ്ഞത്. അപകടത്തെ തുടർന്ന് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ എട്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഹോട്ടൽ ഭാഗികമായി തകർന്നെങ്കിലും മറ്റ് അപകടങ്ങൾ ഒഴിവായി. 11 കെ.വി. ലൈൻ ഉൾപ്പെടെ തകർന്നു. ആര്യങ്കാവ് മുരുകൻ പാഞ്ചാൽ പാലത്തിന് സമീപം ഞായറാഴ്ച പുലർച്ചെ നാലോടെയാണ് മരം വീണത്. ആറ്റുതീരത്ത് വനഭൂമിയിൽ മൂട് തെളിഞ്ഞുനിന്ന വാക, പാല മരങ്ങളാണ് കടപുഴകിയത്.
വാകമരം ദേശീയപാതക്ക് കുറുകെ എതിർവശത്തെ താജുദീന്റെ ഹോട്ടലിന് മുകളിലേക്ക് മറിയുകയായിരുന്നു. ഹോട്ടലിന്റെ രണ്ടാംനിലയുടെ ഷേഡ് ഉൾപ്പെടെ മേൽക്കൂര ഭാഗികമായി തകർന്നു. ഈ സമയം ഹോട്ടലിലും വീട്ടിലും ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. മരം മുറിച്ചുമാറ്റുന്നതിനിടെ കെട്ടിടത്തിന് കൂടുതൽ നാശം നേരിട്ടു. ഹോട്ടൽ ഉടമക്ക് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. മരം വീണ സമയത്ത് പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ഗതാഗതം മുടങ്ങിയതോടെ അന്തർ സംസ്ഥാന പാതയിൽ ഇരുഭാഗത്തും കീലോമീറ്റർ നീളത്തിൽ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ നിരന്നു. അന്തർ സംസ്ഥാന യാത്രക്കാർ ഉൾപ്പെടെ നിരവധി യാത്രക്കാർ മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനത്തിൽ അകപ്പെട്ടു. പുനലൂർ അഗ്നിരക്ഷസേന, ആര്യങ്കാവ് വനം റേഞ്ച്, തെന്മല പൊലീസ്, നാട്ടുകാർ മണിക്കൂറോളം പരിശ്രമിച്ചു മരം മുറിച്ച് മാറ്റി ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

