നെല്ലിപ്പള്ളിയിൽ റോഡ് ഇടിഞ്ഞുതാണു; പുനലൂർ-പത്തനാപുരം റോഡിൽ ഗതാഗതം മുടങ്ങി
text_fieldsപുനലൂർ-പത്തനാപുരം റോഡിൽ നെല്ലിപ്പള്ളിയിൽ റോഡ് ഇടിഞ്ഞ നിലയിൽ
പുനലൂർ: നെല്ലിപ്പള്ളിയിൽ കെ.എസ്.ടി.പി നിർമാണത്തിലുള്ള റോഡ് ഇടിഞ്ഞുതാണതോടെ പുനലൂർ-പത്തനാപുരം റോഡിൽ വാഹനഗതാഗതം നിർത്തിവെച്ചു. വാഹനങ്ങൾ കാര്യറ വഴിയും കുന്നിക്കോട് വഴിയും തൽക്കാലം തിരിച്ചുവിട്ടു. അപകടസമയത്ത് ഇരുവശത്തും നിന്നും എത്തിച്ചേർന്ന നിരവധി വാഹനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടി.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് നെല്ലിപ്പള്ളി ഗ്യാസ് എജൻസിക്ക് സമീപത്തെ റോഡ് ഭാഗികമായി ഇടിഞ്ഞ് തോട്ടിലേക്ക് വീണത്. ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് മറ്റ് അപകടങ്ങൾ ഒഴിവാക്കി. പുനലൂർ-പൊൻകുന്നം കെ.എസ്.ടി.പി റോഡ് നിർമാണത്തിന്‍റെ ഭാഗമായി ഇവിടെ കലുങ്കിന്‍റെ പണി നടക്കുകയാണ്. ഇതിനായി റോഡിന്‍റെ ഒരു വശം താൽക്കാലിക സംവിധാനം ഒരുക്കി വാഹനങ്ങൾ കടത്തിവിട്ടിരുന്നു.
മറുവശത്ത് കലുങ്കിനായി വലിയ കുഴിയെടുത്ത് നിർമാണപ്രവർത്തനം നടക്കുന്നുണ്ട്. കുഴിയോട് ചേർന്ന് ഗർഡറുകൾ സ്ഥാപിച്ചാണ് മണ്ണ് നിറച്ച് താൽക്കാലിക പാത ഒരുക്കിയിരുന്നത്. ഗർഡറിന്‍റെ അടിഭാഗത്തെ മണ്ണ് പൂർണമായി ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് തൊട്ടടുത്തുതന്നെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. റോഡ് പൂർവസ്ഥിതിയിലാക്കാൻ ഉടൻതന്നെ നടപടി തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.
നെല്ലിപ്പള്ളിയിലെ പോലെ പലയിടത്തും മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാെതയാണ് നിർമാണ പ്രവർത്തനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

