തെരുവുനായ കടിച്ച് മൂന്ന് കുട്ടികൾക്ക് പരിക്ക്
text_fieldsപുനലൂർ: പുനലൂർ പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ആക്രമണത്തിൽ കുട്ടികൾക്കടക്കം പലർക്കും പരിക്ക്. കലങ്ങുംമുകൾ അഭി വിലാസത്തിൽ അഭിരാമി (14), പകിടി കല്ലുവിള വീട്ടിൽ ആദിദേവ് (ആറ്), കുതിരച്ചിറ കൽപകശ്ശേരി വീട്ടിൽ സുബിൻ കുമാർ (14) എന്നിവർക്കാണ് മുറിവേറ്റത്. ഇവരെ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുതിരച്ചിറ കലങ്ങുംമുകൾ, പകിടി മേഖലകളിൽ കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം വീട്ടുമുറ്റങ്ങളിലും സിറ്റൗട്ടിലും നിൽക്കുകയായിരുന്ന കുട്ടികളെയാണ് നായ ആക്രമിച്ചത്. ഒരു വീട്ടിൽ കുട്ടിയെ ആക്രമിച്ചശേഷം ഓടിപ്പോയ നായ ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലെ കുട്ടിയെയും ആക്രമിച്ചു. മുതിർന്ന പലർക്കും വളർത്തുമൃഗങ്ങൾക്കും നായയുടെ കടിേയറ്റിട്ടുണ്ട്.
'തെരുവുനായകളെ നിയന്ത്രിക്കാൻ നടപടി വേണം'
പുനലൂർ: പട്ടണത്തിൽ തെരുവുനായ ആക്രമണം വർധിക്കുന്നത് കണക്കിലെടുത്ത് ഇവയെ നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് ആവശ്യപ്പെട്ടു. തെരുവുനായ നിർമാർജനത്തിന് യാതൊന്നും ചെയ്യാൻ നഗരസഭ തയാറാകുന്നില്ല. ഇതുകാരണമാണ് നായകൾ പെരുകി സ്വന്തം വീട്ടുമുറ്റത്തുപോലും കുട്ടികൾക്ക് സുരക്ഷയില്ലാത്ത സ്ഥിതിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.