പിങ്ക് പൊലീസ് വാഹനം തകർത്ത യുവാവ് പിടിയിൽ
text_fieldsഹരിലാൽ
പുനലൂർ: മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവിള സ്വദേശി ഹരിലാൽ ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് സംഭവം. മദ്യപിച്ചു ബഹളംവച്ച ഹരിലാലിനോട് പോകാൻ പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പ്രകോപിതനായ ഇയാൾ റോഡിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് വാഹനത്തിന്റെ പുറകിലെ ഗ്ലാസ് ഇടിച്ചു തകർത്തു. കൂടുതൽ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.