പള്ളിവാസലിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു
text_fieldsഅച്ചൻകോവിൽ പള്ളിവാസലിൽ മസൂദമ്മയുടെ കൃഷിയിടം കാട്ടാനയിറങ്ങി നശിപ്പിച്ച
നിലയിൽ
പുനലൂർ: അച്ചൻകോവിൽ പള്ളിവാസലിൽ കാട്ടാനയിറങ്ങി ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ കൃഷി നശിപ്പിച്ചു. അച്ചൻകോവിൽ- ചെങ്കോട്ട പാതയോരത്ത് വനത്തിന് നടുവിൽ ഒമ്പത് കുടുംബങ്ങളാണ് വർഷങ്ങളായി താമസിച്ചുവരുന്നത്. പള്ളിവാസൽ താവളത്ത് വീട്ടിൽ മസൂദമ്മയുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങി നാശംവരുത്തുന്നത്. കഴിഞ്ഞ രാത്രി രണ്ടുതവണയായി ആനകളെത്തി.
ആറിന് മറുകരയിൽനിന്ന് കൂട്ടമായും ഒറ്റയാനും എത്തിയത്. പറമ്പിലുണ്ടായിരുന്ന തെങ്ങ്, കമുങ്ങ് തുടങ്ങിയവയെല്ലാം പിഴുതും ഓടിച്ചും നശിപ്പിച്ചു. മസൂദമ്മ ഒറ്റക്കാണ് താമസിക്കുന്നത്. അടുത്തകാലത്തായി ഇവരുടെ പുരയിടത്തിലെ 50 മൂട് കമുങ്ങ്, എട്ട് മൂട് തെങ്ങ് തുടങ്ങിയവ ആന നശിപ്പിച്ചിരുന്നു. പരിസരങ്ങളിലെല്ലാം വീടുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ കൃഷിനാശം ഇവരുടെ പുരയിടത്തിലാണുണ്ടായത്.
ശനിയാഴ്ച രാത്രി കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് പരിസരത്തുള്ളവർ എത്തി ആനയെ വരട്ടി ഓടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഞായറാഴ്ച അച്ചൻകോവിൽ നിന്നുള്ള വനം അധികൃതരെത്തി നാശനഷ്ടം വിലയിരുത്തി.

