കല്ലട റെയിൽവേ പാലത്തിൽ നടപ്പാത പൂർത്തിയാകുന്നു
text_fieldsപുനലൂർ കല്ലട റെയിൽവേ പാലത്തോട് ചേർന്ന് നിർമാണം പുരോഗമിക്കുന്ന നടപ്പാത
പുനലൂർ: പുനലൂർ പട്ടണത്തിൽ കല്ലടയാറിന് കുറുകെയുള്ള റെയിൽവേ പാലത്തിന് സമാന്തരമായി കാൽനടക്കാർക്കുള്ള നടപ്പാതയുടെ നിർമാണം പൂർത്തിയാകുന്നു. ഈ മേഖലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതിലൂടെ റെയിൽവേ യാഥാർഥ്യമാക്കുന്നത്.
സംസ്ഥാന ഹൈവേയിൽ പുനലൂർ ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന പാലം മറുകരയിൽ ഭരണിക്കാവ് റോഡിൽ മൂർത്തിക്കാവിന് സമീപത്താണ് അവസാനിക്കുന്നത്.
പാലത്തിലൂടെ വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ സ്ഥിരമായി സഞ്ചരിക്കാറുണ്ട്. ഹൈസ്കൂൾ ജങ്ഷനിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണിക്കാവ് ഭാഗത്തു നിന്ന് എത്തുന്ന വിദ്യാർഥികൾ റെയിൽവേ പാലത്തിലൂടെയാണ് വന്നുപോകുന്നത്.
ഇല്ലെങ്കിൽ തിരക്കേറിയ റോഡിലൂടെ ഒരു കിലോമീറ്ററിലധികം നടക്കേണ്ടതുണ്ട്. ട്രെയിൻ വരുമ്പോൾ കാൽനടക്കാർക്ക് കയറിനിൽക്കാൻ പാലത്തോട് ചേർന്ന് ഇരുഭാഗത്തും പലയിടത്തും പ്ലാറ്റ്ഫോം ഉണ്ടെങ്കിലും ഇത് സുരക്ഷിതമല്ലാതായതോടെയാണ് വശത്തായി പ്രത്യേകം നടപ്പാത നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.
രണ്ടര അടി വീതിയിൽ സുരക്ഷിതമായ ഉയരത്തിൽ കൈവരിയോടെയാണ് ലോഹത്താലുള്ള നടപ്പാത നിർമിക്കുന്നത്.
അടുത്തതന്നെ പാതയുടെ നിർമാണം പൂർത്തിയാകും. ലൈൻ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി കൂടുതൽ ട്രെയിനുകൾ സർവിസ് നടത്താനുള്ള ആലോചനയിലാണ് റെയിൽവേ. ഇതുകൂടി മുന്നിൽകണ്ടാണ് സുരക്ഷയുടെ ഭാഗമായി നടപ്പാത നിർമിക്കാൻ റെയിൽവേ അധികൃതർ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

