കരാർ കാലാവധി അവസാനിച്ചു; പുനലൂർ- പൊൻകുന്നം ഹൈവേ നവീകരണം നീളുന്നു
text_fields1. പുനലൂർ മുക്കടവ് എസ് വളവിലെ നിർമാണ പ്രവർത്തനങ്ങൾ. 2. കെ.എസ്.ടി.പി പൂവണ്ണംമൂട്ടിൽ നടത്തുന്ന നവീകരണപ്രവർത്തനങ്ങൾ
പുനലൂർ: രണ്ടുവർഷത്തെ കരാർ കാലാവധി അവസാനിച്ചിട്ടും കെ.എസ്.ടി.പിയുടെ സംസ്ഥാന ഹൈവേ എട്ടിന്റെ നവീകരണം എങ്ങുമെത്തിയില്ല. പുനലൂർ- പൊൻകുന്നം ഹൈവേയുടെ പുനലൂർ മുതൽ പത്തനാപുരംവരെയുള്ള ഭാഗത്താണ് പ്രവൃത്തി വൈകുന്നത്.
ഇപ്പോഴത്തെ അവസ്ഥയിലാണെങ്കിൽ ഒരു വർഷമെങ്കിലും ഇനിയും വേണ്ടിവരും. നിർമാണം നീളുന്നത് കാരണം യാത്രക്കാരും പാതയുടെ ഇരുവശവുള്ള കുടുംബങ്ങളും സ്ഥാപനങ്ങളും ദുരിതത്തിലാണ്. നിരവധി അപകടങ്ങളും ഇതിനകം ഉണ്ടായി. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പൊൻകുന്നം മുതൽ പുനലൂർ വരെയാണ് സംസ്ഥാന ഹൈവേയായി നവീകരണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ പൊൻകുന്നം മുതൽ കോന്നിവരെയുള്ളത് പൂർത്തിയാക്കി. രണ്ടാംഘട്ടമായി കോന്നി മുതൽ പുനലൂർ വരെ 29.800 കിലോമീറ്റർ നവീകരണം 2020 ഡിസംബർ 17ന് ആരംഭിച്ചു. 2022 ഡിസംബർ 16ന് പൂർത്തീകരിക്കാനായിരുന്നു കരാർ. ലോകബാങ്ക് സഹായമായി 221.04 കോടി രൂപയാണ് അടങ്കൽ നൽകിയത്. കെ.എസ്.ടി.പിക്കാണ് നിർമാണച്ചുമതല.
പത്തനാപുരം മുതൽ പുനലൂർ വരെ 15 കിലോമീറ്ററോളം ദൂരത്തിലാണ് നിർമാണം വൈകുന്നത്. മുക്കടവിലും പത്തനാപുരം കല്ലുംകടവിലും ചെമ്മാടൻ ഭാഗത്തും പുതിയ പാലം, നെല്ലിപ്പള്ളിയിൽ ആറ്റ് തീരത്ത് ഗാബിയൻ ഭിത്തി, മുക്കടവിൽ വിശ്രമകേന്ദ്രം, ഇരുവശത്തും ഓട, സംരക്ഷണ ഭിത്തി, ഉന്നത നിലവാരമുള്ള ടാറിങ് തുടങ്ങിയവയാണ് പ്രധാന നിർമാണപ്രവർത്തനങ്ങൾ. ഇതിൽ ഇരുപാലത്തിന്റെയും ഓടകളുടെയും കലുങ്കുകളുടെയും നിർമാണം മുക്കാൽഭാഗവും പൂർത്തിയാക്കി.
മുക്കടവ്-പുനലൂർ, വാഴത്തോപ്പ്-പിറവന്തൂർ, പത്തനാപുരം പള്ളിമുക്ക്, കടയ്ക്കാമൺ എന്നിവിടങ്ങളിൽ ഭാഗികമായി ആദ്യഘട്ട ടാറിങ് നടത്തി. എന്നാൽ, പിറവന്തൂർ- മുക്കടവ്, പത്തനാപുരം തുടങ്ങിയ ഭാഗങ്ങളിൽ ഓടയുടെ നിർമാണം ഭാഗികമായി പൂർത്തിയാക്കിയെങ്കിലും മറ്റ് നിർമാണപ്രവർത്തനങ്ങൾ ശേഷിക്കുന്നു. മുക്കടവിലും കടയ്ക്കാമണ്ണിലും വളവ് മാറ്റാനുള്ള പുതിയ പാതയുടെ പണി മുടങ്ങിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണവും തുടർച്ചയായ മഴയും തൊഴിലാളികളുടെ അഭാവവും കാരണം ആദ്യവർഷം ഉദ്ദേശിച്ച പണികൾ പൂർത്തിയാക്കാൻ കഴിയാത്തതാണ് വൈകാൻ ഇടയാക്കിയതെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. രണ്ടുവർഷമായി ഇതുവഴിയുള്ള ശബരിമല തീർഥാടകരും ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

