അതിർത്തി പഞ്ചായത്തിന്‍റെ ചുമതല വീണ്ടും രണ്ടു വനിതകളിൽ
text_fieldsആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് രമണിയും (ഇടത്ത്) വൈസ് പ്രസിഡന്‍റ് ഷീബാ ടീച്ചറും
പുനലൂർ: സംസ്ഥാന അതിർത്തിയിലെ ഒട്ടേറെ സങ്കീർണതകളുള്ള ആര്യങ്കാവ് പഞ്ചായത്തിന്‍റെ ഭരണചക്രം വീണ്ടും രണ്ടു വനിതകളുടെ കൈകളിൽ. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് പ്രസിഡന്‍റായി എത്തിയ രമണിയും വൈസ് പ്രസിഡന്‍റായ ഷീബാ ടീച്ചറുമാണ് പഞ്ചായത്തിന്‍റെ വനിത സാരഥികൾ. രമണിയുടെ പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിനോടുള്ള പ്രതികാരം തീർക്കൽ കൂടിയാണ്. വിനോദ-ആത്മീയ കേന്ദ്രവും ജില്ലയിലെ ഏക തേയില തോട്ടം ഉള്ളതുമായ ഈ പഞ്ചായത്ത് തമിഴ്നാട് അതിർത്തിയിലാണ്.
ഭൂപ്രകൃതിയിൽ 90 ശതമാനവും വനവും തോട്ടവുമായ പഞ്ചായത്തിൽ ജനസംഖ്യയുടെ നല്ലൊരു ശതമാനം തോട്ടം തൊഴിലാളികളായ തമിഴരാണ്. ഈ പഞ്ചായത്തിൽപ്പെട്ടതും 35 കിലോമീറ്റർ അകലെയുള്ളതുമായ അച്ചൻകോവിലിലുള്ള രണ്ടു വാർഡുകളിൽ പഞ്ചായത്ത് ആസ്ഥാനത്ത് നിന്ന് വാഹനത്തിൽ എത്തണമെങ്കിൽ തമിഴ്നാട് വഴിയേ കഴിയുകയുള്ളൂവെന്നതും പ്രത്യേകതയാണ്. തോട്ടം തൊഴിലാളിയായിരുന്ന രമണി കഴിഞ്ഞ തവണ സീറ്റ് കിട്ടാത്തതിനെ തുടർന്ന് അമ്പനാട് വെസ്റ്റ് വാർഡിൽ സ്വതന്ത്രയായി മത്സരിച്ച് നറുക്കെടുപ്പിലൂടെ വിജയിച്ചതായിരുന്നു.
പഞ്ചായത്ത് ഭരണം പിടിക്കാൻ കോൺഗ്രസ് രമണിയുടെ പിന്തുണ തേടി. ആദ്യത്തെ രണ്ടര വർഷം വൈസ് പ്രസിഡന്‍റും തുടർന്ന് പ്രസിഡന്‍റ് സ്ഥാനവും നൽകാമെന്നായിരുന്നു വാഗ്ദാനം. രമണിയുടെ പിന്തുണയിൽ ഭരണം നേടി കോൺഗ്രസിലെ സുജ തോമസ് പ്രസിഡന്‍റായി. എന്നാൽ രണ്ടര വർഷം കഴിഞ്ഞപ്പോൾ രമണിക്ക് പ്രസിഡന്‍റ് സ്ഥാനം നൽകാൻ കോൺഗ്രസ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് രമണി വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. കോൺഗ്രസ് കൂട്ടുകെട്ട് ഉപേക്ഷിച്ച് എൽ.ഡി.എഫിന്‍റെ പിന്തുണയോടെ വീണ്ടും വൈസ് പ്രസിഡന്‍റായി.
ഇത്തവണയും രമണിക്ക് മുന്നണി സീറ്റ് കിട്ടാതായതോടെ അതേ വാർഡിൽ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ചു. എൽ.ഡി.എഫിന് ഒരു അംഗത്തിന്‍റെ ഭൂരിപക്ഷം വന്നെങ്കിലും ഇരുമുന്നണിയും വീണ്ടും രമണിയുടെ സഹായം തേടി. ഭരണം വീണ്ടും നിലനിർത്താൻ പ്രസിഡന്‍റ് സ്ഥാനം ഉൾപ്പെടെ മോഹന വാഗ്ദാനങ്ങളുമായി കോൺഗ്രസ് സമീപിച്ചെങ്കിലും കൂടെച്ചേരാൻ ഇവർ തയാറായില്ല.
എൽ.ഡി.എഫ് ആകട്ടെ, ഭരണം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി രമണിക്ക് ആദ്യത്തെ മൂന്നു വർഷം പ്രസിഡന്‍റും തുടർന്ന് വൈസ് പ്രസിഡന്‍റും സ്ഥാനം നൽകി കൂടെക്കൂട്ടുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണ പരിചയം ഇത്തവണ മൂതൽക്കൂട്ടായെന്നും എല്ലാവരുടെയും പിന്തുണയോടെ മികച്ച ഭരണം കാഴ്ചവെക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ഇവർ. 27 വർഷമായി അംഗൻവാടി ടീച്ചറായ എ. ഷീബ കഴുതുരുട്ടി പാലത്തിങ്കൽ വീട്ടിൽ എം. ഷാജുദ്ദീന്‍റെ ഭാര്യയാണ്. പുതിയ പദവി സുതാര്യവും മാതൃകപരവുമായ ജനസേവനത്തിന് വിനിയോഗിക്കുമെന്ന് ഇവർ പറഞ്ഞു. അഫ്സാന, അഷൈഖ് എസ്. മുസ്തഫ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

