പുനലൂർ: കോവിഡ് കാലത്ത് സ്കൂളുകളും സർക്കാർ ഓഫിസുകളുമടച്ച് അധ്യാപരും മറ്റ് ജീവനക്കാരും സുരക്ഷിതമായി വീട്ടിൽ ഇരിക്കുമ്പോൾ വി.കെ. റോയിക്ക് ഇത് നിസ്വാർഥ സേവനത്തിെൻറ ദിനങ്ങളാണ് സമ്മാനിച്ചത്. ആര്യങ്കാവ് സെൻറ് മേരീസ് ഹൈസ്കൂളിൽ കഴിഞ്ഞ ഏപ്രിൽ ആദ്യവാരത്തിൽ അതിർത്തിയിലെ കോവിഡ് പരിശോധന ക്യാമ്പ് ആരംഭിച്ചതു മുതൽ കഴിഞ്ഞ ദിവസം ക്യാമ്പ് മാറ്റുന്നതുവരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ച മറ്റു ജീവനക്കാർക്കൊപ്പം ഹെഡ്മാസ്റ്റർ റോയിയും ഉണ്ടായിരുന്നു. ക്യാമ്പിനായി സ്കൂൾ വിട്ടുകൊടുത്ത് മറ്റ് അധ്യാപരെപ്പോലെ ഇദ്ദേഹത്തിനും വീട്ടിൽ ഇരിക്കാമായിരുന്നു.
എന്നാൽ, ക്യാമ്പിൽ ഡ്യൂട്ടിയില്ലാതിരുന്നിട്ടുപോലും ആര്യങ്കാവ് സ്വദേശിയായ റോയി എല്ലാ ദിവസവും സ്കൂളിൽ എത്തും. ഇവിടെ ഡ്യൂട്ടിയിലുള്ള മറ്റുള്ളവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യും. ക്യാമ്പിെൻറ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ കാര്യങ്ങൾ ഒരുക്കിനൽകുന്നതിനും മുന്നിലുണ്ടായിരുന്നു. കൂടാതെ, പാസില്ലാതെ അതിർത്തി കടന്നുവരുന്നവർക്ക് പാസ് എടുക്കാൻ വേണ്ട സഹായങ്ങളും ചെയ്തു നൽകിയത് നിരവധിയാളുകൾക്ക് തുണയായി. 150 ദിവസത്തിന് ശേഷം കഴിഞ്ഞദിവസം ക്യാമ്പ് നിർത്തലാക്കിയപ്പോൾ റോയിക്കടക്കം ഹൃദ്യമായ സ്വീകരണം നൽകിയിരുന്നു.