പ്രളയകാലത്ത് ആറിന്‍റെ വശം തകർന്നത് നന്നാക്കിയില്ല; ദേശീയപാതയിലെ യാത്ര ഭീഷണിയിൽ
text_fieldsഇടപ്പാളയത്ത് ദേശീയപാതയുടെ വശം കഴിഞ്ഞ പ്രളയത്തിൽ തകർന്നനിലയിൽ
പുനലൂർ: കഴിഞ്ഞ പ്രളയകാലത്ത് ആറിന്‍റെ വശം തകർന്നത് പുനനിർമിക്കാൻ നടപടിയില്ലാത്തത് ദേശീയപാതയിലെ യാത്ര അപകട ഭീഷണി ഉയർത്തുന്നു.
തെന്മലക്കും ആര്യങ്കാവിനുമിടയിൽ കഴുതുരുട്ടിയാറിനോട് ചേർന്ന് ദേശീയപാതയുടെ വശം മൂന്നിടത്താണ് അപകടകരമാവിധം ഇടിഞ്ഞുപോയത്.
ഇടപ്പാളയം, കഴുതുരുട്ടി, ആര്യങ്കാവ് റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലാണിത്. ഇതിൽ ഇടപ്പാളയത്തും കഴുതുരുട്ടിയിലും പാതക്ക് സമാന്തരമായാണ് ആറ് ഒഴുകുന്നത്. മലവെള്ളപ്പാച്ചിൽ വന്നിടിച്ച് ഇവിടങ്ങളിൽ പാതയുടെ വശം ടാർ ആരംഭംവരെ ഇടിഞ്ഞുപോയി.
ശേഷിക്കുന്ന ഭാഗം ടാർ ഉൾപ്പെടെ കുറേശ്ശെ ഇടിഞ്ഞുമാറുന്നു. ഈ പാതയിലൂടെയാണ് തമിഴ്നാട്ടിൽനിന്ന് അമ്പത് ടൺവരെ ഭാരം കയറ്റിയ ടിപ്പറുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത്.
പൊതുവെ വീതി കുറവായ പാതയുടെ വശംകൂടി ഇടിഞ്ഞിറങ്ങുന്നത് കടുത്ത ഭീഷണിയാകുന്നു. പാതയുടെ വീതിക്കുറവ് കഴിഞ്ഞ ദിവസം പതിമൂന്ന് കണ്ണറപാലത്തിന് സമീപത്തെ അപകടത്തിന് ഇടയാക്കിയത്. സിമൻറ് ലോറി വശത്തെ ക്രാഷ് ബാരിയറും തകർത്ത് അമ്പത് അടിയോളം താഴ്ചയിൽ ആറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ തൽക്ഷണം മരിച്ചു.
ഇതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മരങ്ങളും കാടുകളും വളർന്നിറങ്ങി പാതയിലെ ദൂരക്കാഴ്ചയെ മറക്കുന്ന മറവുകൾ നീക്കം ചെയ്യാനും വശങ്ങൾ ബലപ്പെടുത്താനും നടപടി വേണ്ടതുണ്ട്.