പുനലൂർ: പുനലൂർ താലൂക്കാശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ സ്വകാര്യ ഏജൻസികളെ സഹായിക്കാനായി രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി.
മണിയാർ സ്വദേശിയും ലോറി ഡ്രൈവറുമായ സന്തോഷിന് ജോലിസ്ഥലമായ കഴുതുരുട്ടിയിലായിരിക്കെ ചൊവ്വാഴ്ച നെഞ്ചുവേദന ഉണ്ടായി. ഒപ്പമുണ്ടായിരുന്നവർ ഉടനെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ അടിയന്തര ചികിത്സക്കുശേഷം ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
ചില പൊതുപ്രവർത്തകർ ഇടപെട്ട് താലൂക്കാശുപത്രിയിലുള്ള ആംബുലൻസ് ഡ്രൈവറെ ഓട്ടത്തിനായി വിളിച്ചു. ഈ ഡ്രൈവർ വിസമ്മതിച്ച് പുറത്തുള്ള സ്വകാര്യ ആംബുലൻസ് ആംബുലൻസ് വിളിക്കാൻ നിർദേശിച്ചു. ഈ സമയത്ത് താലൂക്കാശുപത്രിയിൽ രണ്ട് ആംബുലൻസ് ഉണ്ടായിരിക്കെയാണ് സ്വകാര്യ സർവിസിനെ സഹായിക്കാൻ ഇവർ ഓട്ടം പോകാൻ തയാറാകാതിരുന്നതെന്നാണ് ആക്ഷേപം.
ഇതിനെതിരെ ആരോഗ്യവകുപ്പ് ഉന്നത അധികൃതർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് ആർ.വൈ.എഫ് പുനലൂർ മണ്ഡലം സെക്രട്ടറി ആർ. വിബ്ജിയോർ അറിയിച്ചു.