പുനലൂർ നഗരസഭയിൽ എം.എ രാജഗോപാൽ ചെയർമാനും കെ. പ്രഭ വൈസ് ചെയർമാനുമാകും
text_fieldsപുനലൂർ നഗരസഭ ചെയർമാൻ സി.പി.എമ്മിലെ എം.എ. രാജഗോപാൽ, വൈസ് ചെയർമാൻ കെ. പ്രഭ
പുനലൂർ: പുനലൂർ നഗരസഭ ചെയർമാനായി സി.പി.എമ്മിലെ എം.എ. രാജഗോപാലും വൈസ് ചെയർമാനായി സി.പി.ഐയിലെ കെ. പ്രഭയും മത്സരിക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് ചെയർമാൻ, ഉച്ചക്ക് രണ്ടരക്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് കൗൺസിൽ ഹാളിൽ നടക്കും. രാജഗോപാൽ ചെയർമാനാകുന്നത് ഇത് മൂന്നാമതും പ്രഭ വൈസ് ചെയർമാനാകുന്നത് രണ്ടാമതുമാണ്. ഇത്തവണ നഗരസഭയിലെ കോമളംകുന്ന് വാർഡിൽനിന്നാണ് രാജഗോപാലും അഷ്ടമംഗലത്തുനിന്നായമ് പ്രഭയും തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനനാണ് ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. 36 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 21, യു.ഡി.എഫിന് 14, ബി.ജെ.പിക്ക് ഒരു അംഗവുമുണ്ട്. സി.പി.എമ്മിന് 13, സി.പി.ഐക്ക് ആറ്, കേരള കോൺഗ്രസ് ബിക്ക് രണ്ടും അംഗങ്ങൾ ഉണ്ട്. ചെയർമാൻ സ്ഥാനം നാല് വർഷം സി.പി.എമ്മിനും ഒരു വർഷം സി.പി.ഐക്കുമാണ്. ഇതിനനുസരിച്ച് വൈസ് ചെയർമാൻ സ്ഥാനവും മാറും.
എന്നാൽ ചെയർമാൻ സ്ഥാനം ഭരണസമിതിയുടെ അവസാനമാക്കാതെ ഇടക്കാലത്ത് സി.പി.ഐക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ 'മാധ്യമ' ത്തോട് പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ എൽ.ഡി.എഫ് തീരുമാനിക്കുന്ന അവസരത്തിൽ ചെയർമാൻ കാലാവധിയിൽ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റിയംഗം, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്, ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി, ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല ട്രഷറർ തുടങ്ങിയ നിലകളിൽ രാജഗോപാൽ പ്രവർത്തിക്കുന്നു.
സി.പി.ഐ പുനലൂർ സൗത്ത് ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം, മഹിള സംഘം മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രഭയും പ്രവർത്തിക്കുന്നു. എന്നാൽ ഇരുസ്ഥാനത്തേക്കുമുള്ള യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

