ഇടത് മാറും, പുനലൂരും; കുറ്റപത്രവുമായി യു.ഡി.എഫ്
text_fieldsപുനലൂർ നഗരസഭ എൽ.ഡി.എഫ് ഭരണത്തിനെതിരെ യു.ഡി.എഫ് തയാറാക്കിയ കുറ്റപത്രം എൻ.കെ. പ്രേമചന്ദ്രൻ എം.പി പുറത്തിറക്കുന്നു
പുനലൂർ: എൽ.ഡി.എഫ് കുത്തകയാക്കിയ പുനലൂർ നഗരസഭ ഭരണം ഇത്തവണ നേടാൻ അഞ്ചുവർഷത്തെ ഭരണപരാജയവും വികസന മുരടിപ്പും അഴിമതിയും ചൂണ്ടിക്കാട്ടിയുള്ള കുറ്റപത്രവുമായി യു.ഡി.എഫ്. നഗരസഭയായി 55 വർഷത്തിനിടെ 51 വർഷവും ഭരണം കയ്യാളിയ എൽ.ഡി.എഫ് ഈ നാടിനെ എല്ലാനിലക്കും തകർത്തതായി ഇടത് മാറും ഇവിടവും മാറും- കുറ്റപത്രം ആരോപിക്കുന്നു. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ കുറഞ്ഞ കാലത്തേക്ക് വീതംവെച്ച് അധികാരം ആസ്വദിക്കാനുള്ളതാക്കി ഇവർ.
സ്ഥാനാർഥി പട്ടികയിൽപ്പോലും ക്രിമിനലുകളെ ഉൾപ്പെടുത്തി എൽ.ഡി.എഫ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കുടിവെള്ളം എത്തിക്കുന്നതിലെ പരാജയം, ഇക്കാലയളവിൽ നിർമിക്കുകയോ നവീകരിക്കുകയോ ചെയ്ത വൻകിട നിർമാണ പദ്ധതികളിലെല്ലാം അഴിമതിയം ധൂർത്തും. സ്മശാനം പ്രവത്തനം നിലച്ചതും അഴിമതിയും, ലൈഫ് ഫ്ലാറ്റ് നിർമാണത്തിലെ അപാകത, കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം നിഷേധിച്ചത്.
കൗൺസിൽ മിനിറ്റ്സ്-അക്കൗണ്ട് തട്ടിപ്പ്, ആധാരങ്ങൾ കാണാതായത്, വാർഷിക പദ്ധതി നിർവഹണത്തിലെ പാളിച്ച, നഗരസഭ ജീവനക്കാരുടെ അഴിമിതി തുടങ്ങിയവയാണ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന കുറ്റപത്രത്തിലുള്ളത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി കുറ്റപത്രം പുറത്തിറക്കി. കെ.പി.സി.സി മുൻ ഉപാധ്യക്ഷൻ ഭാരതീപുരം ശശി, യു.ഡി.എഫ് ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി. വിജയകുമാർ, ജനറൽ കൺവീനർ സഞ്ജു ബുഖാരി, നഗരസഭ യു.ഡി.എഫ് പാർലമെൻററി ലീഡർ ജി. ജയപ്രകാശ്, ഉപലീഡർ സാബു അലക്സ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

