പുനലൂരിലെ പൊതുശൗചാലയം അടഞ്ഞുതന്നെ
text_fieldsപുനലൂർ താലൂക്കാശുപത്രിക്ക് മുന്നിൽ അടച്ചിട്ടിരിക്കുന്ന
നഗരസഭയുടെ പൊതുശൗചാലയം
പുനലൂർ: സമ്പൂർണ വെളിയിട വിസർജനവിമുക്ത നഗരമായി പ്രഖ്യാപിച്ച പുനലൂർ പട്ടണത്തിലെ പ്രധാന പൊതുശൗചാലയം തുറക്കാൻ നടപടിയില്ല.
ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന താലൂക്കാശുപത്രിക്ക് മുന്നിലുള്ള നഗരസഭയുടെ ശുചിമുറി സൗകര്യമാണ് പൊതുജനങ്ങൾക്ക് അധികൃതർ നിഷേധിച്ചിരിക്കുന്നത്.
നവീകരണത്തിനായി മാസങ്ങൾക്ക് മുമ്പ് അടച്ച ശൗചാലയം പണി പൂർത്തിയാക്കി തുറന്നുനൽകാൻ നഗരസഭ അധികൃതർ ഇനിയും തയാറായിട്ടില്ല.
പട്ടണത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമികസൗകര്യം ഒരുക്കാതെയാണ് സമ്പൂർണ വെളിയിട വിസർജന വിമുക്തനഗരമായി ഒരുമാസം മുമ്പ് പ്രഖ്യാപിച്ചത്. വെളിയിടവിസർജനം നടത്തുന്നവർക്ക് പിഴ ചുമത്തുമെന്നും നഗരസഭ അധികൃതർ അറിയിച്ചിരുന്നു.
താലൂക്കാശുപത്രിയോട് ചേർന്ന് പണം നൽകി ഉപയോഗിക്കാനായി ഏഴുമുറികളിലായി നല്ല സൗകര്യത്തോടെയാണ് ശൗചാലയം പ്രവർത്തിച്ചിരുന്നത്. ആശുപത്രിയിൽ എത്തുന്നവർ കൂടാതെ സമീപത്തെ നിരവധി കടക്കാർ, ഡ്രൈവർമാർ, യാത്രക്കാർ തുടങ്ങിയവർക്ക് വലിയ അനുഗ്രഹമായിരുന്നു കേന്ദ്രം. ഇത് പൂട്ടിയതോടെ അത്യാവശ്യഘട്ടങ്ങളിൽ പ്രാഥമികാവശ്യ നിർവഹണത്തിന് വെളിയിടത്തെ ആശ്രയിക്കുകയോ അല്ലെങ്കിൽ ആശുപത്രിയിലെ സൗകര്യം ഉപയോഗിക്കുകയോ ആണ് മാർഗം.
സ്വച്ഛ് ഭാരത് മിഷന്റെ ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ വെളിയിട വിസർജനം നിരോധിച്ചത്. ഇതുപോലെ ആയിരക്കണക്കിന് ശബരിമല തീർഥാടകർ വന്നുപോകുന്ന ഇടത്താവളമായ പുനലൂർ ടി.ബി ജങ്ഷനിലും പ്രാഥമിക ആവശ്യത്തിന് മതിയായ സൗകര്യം ഒരുക്കാത്തതിനൽ പരിസരം ദുർഗന്ധപൂരിതമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.