പൊലീസ് എയ്ഡ് പോസ്റ്റ് നിർത്തി; അതിർത്തിയിലെ ക്രമസമാധാനം അവതാളത്തിൽ
text_fieldsപുനലൂർ: ആര്യങ്കാവിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ്പോസ്റ്റ് നിർത്തിയതോടെ സംസ്ഥാന അതിർത്തിയിലെ ക്രമസമാധാനം വഷളാകുന്നു. ദേശീയപാതയിൽ ഗതാഗതക്കുരുക്കും കള്ളക്കടത്തും ഇതിനെ തുടർന്നുള്ള മറ്റ് പ്രശ്നങ്ങളും പതിവാണ്. കൂടാതെ അതിർത്തി കടത്തി കഞ്ചാവ് അടക്കം ലഹരി ഉൽപന്നങ്ങളും യഥേഷ്ടം എത്തിക്കുന്നു.
ഇതുൾപ്പെടെ ആര്യങ്കാവിലെ ക്രമസമാധാന പാലനം കൂടി ഉദ്ദേശിച്ചാണ് ക്ഷേത്രത്തിന് സമീപം എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. തെന്മല സ്റ്റേഷെൻറ നിയന്ത്രണത്തിൽ ഒരു എസ്.ഐയുടെ നേതൃത്വത്തിൽ ആവശ്യത്തിന് പൊലീസും ഉണ്ടായിരുന്നു. ഇവിടെ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും പൊലീസ് ഇടപെടൽ സഹായമായിരുന്നു.
എന്നാൽ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി രണ്ടുവർഷംമുമ്പ് എയ്ഡ് പോസ്റ്റ് പൊലീസ് ചെക് പോസ്റ്റായി മാറ്റി ഒരു സി.ഐയുടെ നിയന്ത്രണത്തിലാക്കി. ഇപ്പോൾ സി.ഐ ഇല്ലാതെ ചെക് പോസ്റ്റ് തുടരുന്നുണ്ടെങ്കിലും മുമ്പ് ഉണ്ടായിരുന്ന എയ്ഡ് പോസ്റ്റിെന്റ സേവനം നിലച്ചു. ഇതോടെ ക്രമസമാധാന പാലനത്തിൽ തെന്മലയിൽ നിന്ന് പൊലീസ് എത്തേണ്ട അവസ്ഥയാണ്.
സംസ്ഥാന അതിർത്തിയെന്ന പരിഗണനയിൽ പൊലീസ് ചെക്പോസ്റ്റ് നിലനിർത്തി എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം പുനരാരംഭിേക്കണ്ടതാണ്.