ശുചീകരണമില്ല; മുക്കടവിൽ മാലിന്യവും ദുർഗന്ധവും അസഹനീയം
text_fieldsമുക്കടവിലെ മാലിന്യം
പുനലൂർ: ശബരിമല തീർഥാടകർ പ്രാഥമിക ആവശ്യങ്ങൾക്ക് ഇറങ്ങുന്ന മുക്കടവിൽ ശുചീകരണത്തിന് സംവിധാനമില്ലാത്തതിനാൽ മാലിന്യം നിറഞ്ഞു. കടുത്ത ദുർഗന്ധം കാരണം ഇതുവഴി മൂക്കുപൊത്താതെ യാത്രചെയ്യാൻ പറ്റാതായി. ദിവസവും ആയിരക്കണക്കിന് ശബരിമല തീർഥാടകരാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലുള്ള മുക്കടവിൽ കുളിക്കാനും ആഹാരം പാചകം ചെയ്ത് കഴിക്കാനും ഇറങ്ങുന്നത്. കാടുമൂടി അപകടകരമായ നിലയിലുള്ള ആറ്റിൽ ഇറങ്ങാൻ യാതൊരു സൗകര്യവും ഇത്തവണ ശബരിമല സീസണിൽ അധികൃതർ ചെയ്തില്ല.
ഇവിടെ ശുചിമുറി സംവിധാനം ഇല്ലാത്തതിനാൽ ആറ്റുതീരത്തും പാതയോരത്തുമാണ് പലരും പ്രാഥമിക ആവശ്യങ്ങൾക്ക് ഇടം കണ്ടെത്തുന്നത്. മിക്കവരും ഇവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്നതിനാൽ ഇതിന്റെ അവശിഷ്ടങ്ങളും പാതയോരത്തും മറ്റും കളയുകയാണ് പതിവ്. എന്നാൽ, ഇത് എല്ലാ ദിവസവും ശുചികരിക്കാനോ മാലിന്യം നീക്കാനോ നടപടിയില്ല. സീസൺ പ്രമാണിച്ച് ഈ ഭാഗത്ത് നിരവധി താൽക്കാലിക കടകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കടകളിൽ നിന്നുള്ള മാലിന്യവും ഇവിടെതന്നെ തള്ളുകയാണ് പതിവ്.
ആഹാരം കഴിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും കുപ്പികളും ആഹാര അവശിഷ്ടങ്ങളും പാതയോരത്തും ഓടയിലും ആറ്റ് തീരത്തും ഉൾപ്പെടെ എല്ലാ ഭാഗത്തും ഉണ്ട്. ആറ്റിന്റെ ഒരുവശം പുനലൂർ നഗരസഭയുടെയും മറുവശം പിറവന്തൂർ പഞ്ചായത്തിന്റെയും പരിധിയിലാണ്. മുൻ വർഷങ്ങളിൽ ശബരിമല സീസണോടനുബന്ധിച്ച് ഇവിടെ മതിയായ ശുചീകരണവും മറ്റു സൗകര്യങ്ങളും ഒരുക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

