മസ്കുലർ രോഗം: ഒമ്പത് വയസ്സുകാരനും കുടുംബവും ദുരിതത്തിൽ
text_fieldsഇസ്രായേൽ
പുനലൂർ: എല്ലുപൊടിയുന്ന അപൂർവമായ മസ്കുലർ ഡിസ്ട്രോഫി രോഗം (ഡി.എം.ഡി) ബാധിച്ച് കിടപ്പിലായ മകനും ഇടുപ്പെല്ല് തേഞ്ഞ് നിവർന്നുനിൽക്കാൻ പോലും കഴിയാത്ത പിതാവുമടങ്ങുന്ന കുടുംബം തീരാദുരിതത്തിൽ. തെന്മല പഞ്ചായത്ത് ചാലിയക്കര ചെറുകടവ് ചരുവിള പുത്തൻവീട്ടിൽ ജോൺസൺ കുര്യനും കുടുംബവുമാണ് ബുദ്ധിമുട്ടുന്നത്.
മകൻ ഇസ്രായേൽ (ഒമ്പത്) മസ്കുലർ ഡിസ്ട്രോഫി എന്ന അരിവാൾ രോഗത്താൽ കിടപ്പിലാണ്. രണ്ടുവർഷം മുമ്പുവരെ കാര്യമായ രോഗങ്ങളൊന്നുമില്ലായിരുന്ന ഇസ്രായേൽ പിന്നീട് നിവർന്ന് ഇരിക്കാൻ പോലും കഴിയാത്ത നിലയിൽ കിടപ്പിലായി. നന്നായി ചിത്രങ്ങൾ വരക്കുന്ന കുട്ടിക്ക് ഇപ്പോൾ പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല.
ജോൺസന്‍റെ മൂത്ത രണ്ടുകുട്ടികൾ പതിനഞ്ചും നാലും വയസ്സുള്ളപ്പോൾ ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. മകന്‍റെ ചികിത്സാചെലവിനടക്കം വൻതുക കണ്ടെത്തേണ്ട ജോൺസണും ഒരു ജോലിക്കും പോകാൻ കഴിയാത്ത അസുഖമാണ്. താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ജോൺസണ് ഒരു വർഷം മുമ്പാണ് രോഗം പിടിപെട്ടത്.
കുടുംബത്തിന്‍റെ ദയനീയാവസ്ഥക്ക് പരിഹാരം കാണാൻ ചെറുകടവ് വാർഡ് വികസന സമിതി എന്ന പേരിൽ പ്രസിഡന്‍റ് എസ്. സനിൽകുമാർ, വാർഡ് മെംബർ ചെല്ലപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാസഹായസമിതി രൂപവത്കരിച്ചു. പുനലൂർ യൂനിയൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 578502010010554 (ഐ.എഫ്.എസ്.സി: UBIN 0562378).