കഴുതുരുട്ടിയിൽ സ്ഥാനാർഥികളായി; മത്സരം കടുക്കും
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ നിർണായകമാകാൻ പോകുന്ന കഴുതുരുട്ടി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഈ വാർഡിലെ വിജയം പഞ്ചായത്ത് ഭരണസമിതിയുടെ നിലനിൽപിനെ ബാധിക്കുന്നതിനാൽ മത്സരം ഇരുമുന്നണിക്കും നിർണായകമാണ്. ഈ വാർഡിൽ ബി.ജെ.പി അംഗമായി വിജയിച്ച മാമ്പഴത്തറ സലീം പാർട്ടി വിട്ട് സി.പി.എമ്മിലെത്തി. ഇതോടെ മെംബർ സ്ഥാനം രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിലെത്തിച്ചത്. മേയ് 17 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എമ്മിലെ മാമ്പഴത്തറ സലീമും യു.ഡി.എഫിൽ കോൺഗ്രസിലെ തോമസ് മൈക്കിളിമാണ് സ്ഥാനാർഥികളാകുന്നത്. എന്നാൽ, ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഇവിടെ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സ്ഥാനാർഥികൂടി രംഗത്ത് വരുന്നതോടെ കളം ചൂടുപിടിക്കും. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ യു.ഡി.എഫിന് അഞ്ചും എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ടും ഒരു സ്വതന്ത്രയുമാണ് ഉണ്ടായിരുന്നത്.
ഇതിൽ ബി.ജെ.പി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ സ്വതന്ത്രയെ വൈസ് പ്രസിഡൻറാക്കി യു.ഡി.എഫ് ഭരണത്തിലെത്തി. വാർഡിൽ മാമ്പഴത്തറ സലീം വിജയിച്ചാൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ അംഗങ്ങളാകുന്നതോടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെ അവിശ്വാസമടക്കം കൊണ്ടുവന്ന് ഭരണം അട്ടിമറിക്കാനും സാധിക്കും. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചാൽ യു.ഡി.എഫ് അംഗസംഖ്യ സ്വതന്ത്ര ഉൾപ്പെടെ ഏഴാകുന്നതോടെ ഭരണമാറ്റമുണ്ടാകില്ല. മുമ്പ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്ന മാമ്പഴത്തറ സലീം കഴിഞ്ഞ തവണ 34 വോട്ടിന് സി.പി.എമ്മിലെ സി. ചന്ദ്രനെയാണ് തോൽപിച്ചത്. കോൺഗ്രസിലെ എസ്. സുരേഷ് മൂന്നാംസ്ഥാനത്തായി.
നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് സുജ തോമസിന്‍റെ ഭർത്താവായ തോമസ് മൈക്കിളും മുൻ വാർഡ് മെംബറാണ്. സലീം രാജിവെച്ചതു മുതൽ ഇരു സ്ഥാനാർഥികളും ഈ വാർഡിൽ സജീവമായ പ്രവർത്തനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

