ട്രെയിനുകളിൽ പരിശോധന; ടിക്കറ്റ് ഇല്ലാത്ത 125 പേർ പിടിയിൽ
text_fieldsപുനലൂർ: കൊല്ലം ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 125 പേരെ പിടികൂടി. ഇവരിൽനിന്ന് 43,000 രൂപ പിഴ ഇടാക്കി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ കൂടുതലും സർക്കാർ ജീവനക്കാരും അതിൽ പകുതി വനിതജീവനക്കാരുമാണ്. ഗസറ്റഡ് ഉദ്യോഗസ്ഥർവരെ ഇക്കൂട്ടത്തിലുണ്ടെന്ന് പരിശോധനസംഘം പറഞ്ഞു.
പുനലൂർ-കൊല്ലം ലൈനിൽ എട്ട് ട്രെയിനുകളിലാണ് വെള്ളിയാഴ്ച പരിശോധന നടന്നത്. വർഷങ്ങളായി ഈ ലൈനിൽ ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെൻറുകളിൽ ടിക്കറ്റ് പരിശോധന നടക്കുന്നില്ല. ഇതുകാരണം നിരവധി ആളുകൾ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതായും റെയിൽവേക്ക് വരുമാനം കുറയുന്നതായും കണ്ടെത്തിയിരുന്നു.
തുടർന്നാണ് മധുര ഡിവിഷൻ അസിസ്റ്റന്റ് കമേഴ്സ്യൽ മാനേജർ ബാലകൃഷ്ണൻ, പുനലൂർ സെക്ഷൻ ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ബിജു പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ 11 അംഗ സംഘം പരിശോധന നടത്തിയത്. പുനലൂർനിന്ന് കൊല്ലം വരെ ആയിരുന്നു പരിശോധന. വിദ്യാർഥികളിൽ പത്ത് ശതമാനേമ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരായി കണ്ടെത്തിയുള്ളൂ. ടിക്കറ്റില്ലാത്ത ഓരോരുത്തരിൽനിന്നും പിഴയായി 310 രൂപ വരെയാണ് ഈടാക്കിയത്.
ഓരോ ട്രെയിനിലും പകുതിയോളം യാത്രക്കാരുടെ ടിക്കേറ്റ പരിശോധിക്കാനായുള്ളൂ. അടുത്ത ദിവസങ്ങളിൽ കൂടുതൽ അംഗങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ് പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.