രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ഇഫ്താർ കൗണ്ടർ
text_fieldsപുനലൂർ താലൂക്കാശുപത്രിയിൽ ഐ-ക്യാപ് പ്രവർത്തകർ നോമ്പുതുറക്കുള്ള വിഭവങ്ങൾ വിതരണം ചെയ്യുന്നു
പുനലൂർ: താലൂക്ക് ആശുപത്രിയിലെ നോമ്പുകാരായ രോഗികളടക്കമുള്ളവർക്ക് നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾ ഒരുക്കി ഐ-ക്യാപ്.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുമുറിക്കാനുള്ള വിഭവങ്ങൾ പുറത്തുപോയി വാങ്ങിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇസ്ലാമിക് കൾചറൽ അസോസിയേഷൻ ഓഫ് പുനലൂർ (ഐ ക്യാപ്) ആശുപത്രി വളപ്പിൽ തന്നെ ഇഫ്താർ കൗണ്ടർ തുറന്നത്.
റമദാൻ അവസാനംവെരയും കൗണ്ടറിൽ എത്തുന്നവർക്ക് നോമ്പുതുറക്കുള്ള വിഭവങ്ങൾ വിതരണം ചെയ്യും. കുപ്പിവെള്ളം, പഴവർഗങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവ കിറ്റായാണ് നൽകുന്നത്. ദിവസവും 200 ലധികം ആളുകൾ കിറ്റ് വാങ്ങിക്കാനെത്തുന്നു.
കോവിഡ് നിയന്ത്രണങ്ങളും മറ്റ് ആരോഗ്യസുരക്ഷയും പാലിച്ചാണ് വിതരണം. ആലഞ്ചേരി മുസ്ലിം ജമാഅത്ത് അംഗങ്ങൾ പ്രവർത്തകരായുള്ള ഐ ക്യാപ്പിന് പ്രവാസി അംഗങ്ങളുടെ പിന്തുണയോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സമിതി ചെയർമാൻ സലിം പുനലൂരും കൺവീനർ എ.പി.കെ. നവാസും പറഞ്ഞു.