മഴയിൽ കുതിർന്ന് കിഴക്കൻ മേഖല; അച്ചൻകോവിൽ അടക്കം പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു
text_fieldsവില്ലുമല ആദിവാസി കോളനിയിലേക്കുള്ള പാലം മുങ്ങിയതോടെ വൃദ്ധമാതാവിനെ മറുകരയെത്തിക്കുന്നു
പുനലൂർ: ശക്തിയാർജിച്ച പേമാരിയിൽ കിഴക്കൻ മലയോരമേഖലയിൽ വീണ്ടും വ്യാപക നാശം. അച്ചൻകോവിൽ അടക്കം മലയോരത്ത് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. കഴിഞ്ഞയാഴ്ചയുണ്ടായ ഉരുൾപൊട്ടലിെൻറയും വെള്ളംപ്പൊക്കത്തിെൻറയും കെടുതികൾ അവസാനിക്കുംമുമ്പാണ് വീണ്ടും ദുരിതം വന്നെത്തിയത്. പുനലൂർ നഗരസഭയിൽ ഉൾപ്പെടെ നിരവധി വീടുകൾക്ക് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച ശക്തിയാർജിച്ച മഴ ശനിയാഴ്ച പകലും തിമിർത്തു പെയ്തു. മലയോരത്ത് പലയിടത്തും ഉരുൾപൊട്ടിയതിനാൽ പ്രധാന നദികൾ കരകവിഞ്ഞ് സമീപത്തെ വീടുകളിൽ വെള്ളംകയറി. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.
ഇടപ്പാളയം പള്ളിക്ക് സമീപം റെയിൽവേ കട്ടിങ് ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണു. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം മുടങ്ങി. അമ്പതടിയോളം ഉയരത്തിൽ ഉണ്ടായിരുന്ന കട്ടിംഗ് ശനിയാഴ്ച രാവിലെയാണ് ദേശീയപാതയിലേക്ക് തകർന്നുവീണത്. രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പാതയിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. മലയോരത്ത് പലയിടത്തും ഉരുൾപൊട്ടിയതിനാൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കഴുതുരുട്ടിയാർ കരകവിഞ്ഞ് ഇടപ്പാളയം ലക്ഷം വീട് കോളനിയിൽ നിരവധി വീടുകളിൽ വെള്ളംകയറി. ഇവിടെ ദേശീയപാതയുടെ വശം ആറ്റിലേക്ക് ഇടിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം ഭീഷണിയിലാണ്.
ഇനിയും വെള്ളം ഉയരുന്നത് കണക്കിലെടുത്ത് ഈ ഭാഗത്ത് നിരവധി കുടുംബങ്ങളെ സുരക്ഷ സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എന്നാൽ ആൾക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. ആര്യങ്കാവ് പഞ്ചായത്തിലെ എസ്റ്റേറ്റ് മേഖലയിലും മലയോരത്തുമുള്ള നൂറു കണക്കിന് കുടുംബങ്ങൾ ഭീതിയിലാണ്. ഉരുൾപൊട്ടൽ, മലയിടിച്ചിൽ എന്നിവ ഉണ്ടാകുമെന്നതാണ് ഇവരുടെ ഭീതി. കഴിഞ്ഞ ആഴ്ച കൂടുതൽ തകർന്ന ചേനഗിരി പാലത്തിെൻറ മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നു. ചേനഗിരി എസ്റ്റേറ്റ് മേഖല ഒറ്റപ്പെട്ടു. ഈ മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധവും നിലച്ചു. നിരവധി പോസ്റ്റുകളും ലൈനുകളും തകർന്നു.
ആറുകൾ കരകവിഞ്ഞ് ഒഴുകുന്നു
പുനലൂർ: കല്ലടയാർ കരകവിഞ്ഞതിനാൽ പുനലൂർ പട്ടണത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പട്ടണത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിന്നിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പാർക്ക്, എതിർവശത്തുള്ള സ്നാനഘട്ടം എന്നിവ മുങ്ങി. അഞ്ചൽ-പുനലൂർ മലയോരപാതയിൽ അടക്കളമൂല, നെല്ലിപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി. പുനലൂരിലും പരിസര പ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. പുനലൂർ-പത്തനാപുരം പാതയിൽ നവീകരണം നടക്കുന്നതിനാൽ പലയിടത്തും വെള്ളക്കെട്ടായി ഗതാഗതം പലതവരണ മുടങ്ങി. വന്മളയാൾ ഇരുകരകളും കവിഞ്ഞ് ഒഴുകുകയാണ്. ചാലിയക്കര മേഖലയിലും കൃഷിയിടങ്ങൾ വെള്ളത്തിലായി. വന്മളയിൽ ചില വീടുകളിലും റോഡിലും വെള്ളം കയറി. അച്ചൻകോവിൽ, കല്ലടയാർ, കുളത്തൂപ്പുഴ ആറ് തുടങ്ങിയവ കരകവിഞ്ഞു. അച്ചൻകോവിൽ ആവണിപ്പാറ പട്ടികവർഗ കോളനി, മണലാർ, ആറ്റിനുവടക്ക് ഭാഗം തുടങ്ങിയവ ഒറ്റപ്പെട്ടു.
തെന്മല ഡാം ഷട്ടർ വീണ്ടും ഉയർത്തി; പ്രളയഭീതി
പുനലൂർ: തെന്മല പരപ്പാർ ഡാമിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി. ഇതോടെ കനത്ത മഴയിലെ വെള്ളവും ഡാമിൽനിന്നുള്ള അധിക വെള്ളവും കല്ലടയാറ്റിെൻറ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുകയാണ്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടാകുന്നതിനാൽ ഡാമിലേക്ക് അതിശക്തമായി വെള്ളം ഒഴുകിയെത്തുകയാണ്.
ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് 10 സെൻറീ മീറ്റര്‍ കൂടി ഷട്ടർ ഉയര്‍ത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നിലവില്‍ 80 സെൻറി മീറ്റര്‍ വരെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഷട്ടറുകൾ കൂടുതൽ തുറക്കേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ പുനലൂർ പട്ടണത്തിലടക്കം പ്രളയത്തിലാകുമെന്ന് ഭീതിയുണ്ട്. മൂന്നുവർഷം മുമ്പ് സമാന സാഹചര്യമുണ്ടായപ്പോൾ പുനലൂരിലടക്കം വെള്ളം കയറി വലിയ നാശം നേരിട്ടിരുന്നു.
ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് പരിഗണിച്ച് കഴിഞ്ഞ ദിവസം മൂന്ന് ഷട്ടറുകൾ അരമീറ്റർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയിരുന്നു. ശനിയാഴ്ചയാണ് ഇത് ക്രമേണ ഉയർത്തി 80 സെ.മീറ്റർവരെയായത്. 115.68 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ശനിയാഴ്ച രാവിലെ 113.8 മീറ്റർ വെള്ളമുയർന്നു. കല്ലടയാറ്റിൽ വെള്ളം ഉയർന്നതോടെ തീരത്ത് താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

