വെട്ടിപ്പ് കണ്ടെത്താൻ അതിർത്തിയിൽ ജി.എസ്.ടി നിരീക്ഷണ കാമറ സ്ഥാപിക്കും
text_fieldsപുനലൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇങ്ങോട്ടും തിരികെയും കൊണ്ടുപോകുന്ന സാധനങ്ങളുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്താൻ ആര്യങ്കാവ് അതിർത്തിയിൽ ജി.എസ്.ടി വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിക്കാൻ തുടങ്ങി.
നികുതിനിരക്ക് മാറ്റി ജി.എസ്.ടി പ്രാബല്യത്തിലായതോടെ സംസ്ഥാന അതിർത്തികളിലുണ്ടായിരുന്ന വാണിജ്യനികുതി വകുപ്പിെൻറ വാഹനപരിശോധന മുമ്പ് നിർത്തലാക്കിയിരുന്നു. ആര്യങ്കാവിലെ നികുതി വകുപ്പ് പരിശോധനയും ഇല്ലാതായതോടെ അതിർത്തി ചെക്പോസ്റ്റ് എന്ന സങ്കൽപം പോലും ഇല്ലാതായി. ജി.എസ്.ടി വെട്ടിച്ച് വൻതോതിൽ സാധനങ്ങൾ ഇങ്ങോട്ടും ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നതായി ആക്ഷേപമുയർന്നിരുന്നു.
ഇതരസംസ്ഥാനത്തെ തുറുമുഖങ്ങളിൽ നിന്നടക്കം വൻതോതിൽ സാധനങ്ങൾ ആര്യങ്കാവ് വഴി എത്തിക്കുന്നുണ്ട്. ഇത് തടയാൻ ഇത്തരം നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന് വഴിയിലുടനീളം ജി.എസ്.ടിയുടെ മൊബൈൽ സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് അതിർത്തികളിൽ കാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനമുണ്ടായത്.
ആര്യങ്കാവിൽ പഴയ വാണിജ്യനികുതി ചെക്പോസ്റ്റിനോട് ചേർന്നാണ് ഇരുവശത്തും അത്യാധുനിക നിലയിലുള്ള കാമറ സ്ഥാപിക്കുന്നത്.
സംശയമുള്ള വാഹനങ്ങൾ കാമറയിലൂടെ കണ്ടെത്തി നടപടിയെടുക്കാനാകും. കാമറ സ്ഥാപിക്കുന്ന ജോലികൾ ചൊവ്വാഴ്ചമുതൽ ആരംഭിച്ചു. ഇതുകൂടാതെ പൊലീസിെൻറ നിരീക്ഷണ കാമറയും ഇവിടുണ്ട്.