വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു; മിനിറ്റുകൾക്കുള്ളിൽ പിടിയിൽ
text_fieldsപുനലൂർ: ബൈക്കിലെത്തി വീട്ടമ്മയുടെ കഴുത്തിലെ മാലസ്വർണമെന്ന് കരുതി പൊട്ടിച്ചുകടന്ന തമിഴ്നാട് യുവാവിനെ കൈയോടെ തെന്മല പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി മണിയാണ് (22) അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ഉറുകുന്നിലായിരുന്നു സംഭവം.
റീത്ത് പള്ളിക്ക് സമീപം അത്തിക്കത്തറയിൽ വിജയമ്മയുടെ മാലയാണ് പൊട്ടിച്ച് യുവാവ് കടന്നത്. ദേശീയപാതയിലൂടെ വന്ന വിജയമ്മയുടെ മുന്നിലെത്തിയ യുവാവ് ചെങ്കോട്ടക്കുള്ള വഴി ചോദിച്ചു.
വഴി പറയുന്നതിനിടെ യുവാവ് മാല പൊട്ടിച്ച് തെന്മല ഭാഗത്തേക്ക് ബൈക്കിൽ പാഞ്ഞു. മാല സ്വർണമല്ലെങ്കിലും വീട്ടമ്മയുടെ ബഹളം കേട്ട് എത്തിയ പരിസരവാസികൾ വിവരം ഉടൻതന്നെ തെന്മല പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപ്പാളയം ഭാഗത്ത് വാഹന പരിശോധനക്കിടെ യുവാവിനെ പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു. അടുത്ത കാലങ്ങളിൽ ഈ മേഖലയിൽ നടന്ന മാല പൊട്ടിച്ച് കടന്ന കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.