ദലിത് യുവാവിന്റെ കർണപടം ഫോറസ്റ്റർ അടിച്ചുതകർത്തു
text_fieldsദലിത് യുവാവിനെ മർദ്ദിച്ച ഫോറസ്റ്റർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ
തെന്മല റേഞ്ച് ഓഫിസ് ഉപരോധിച്ച ശേഷം അധികൃതരുമായി ചർച്ച നടത്തുന്നു
പുനലൂർ: ദലിത് യുവാവിന്റെ കർണപടം ഫോറസ്റ്റർ അടിച്ചുതകർത്തതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മുകാർ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. തെന്മല സ്വദേശി ജനാർദന(35)നാണ് മർദനമേറ്റത്.
പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപതാം മൈൽ സ്വദേശി എബിയുടെ റെയിൽവേ പുറമ്പോക്കിൽ നിന്നിരുന്ന പ്ലാവിന്റെ ശിഖരങ്ങൾ ഓണത്തിന് മുമ്പ് ജനാർദനൻ കോതിയിരുന്നു.
ചക്ക സീസണിൽ ചക്ക തിന്നാൻ ആനയടക്കം പുരയിടത്തിൽ കൃഷി നാശം വരുത്തുന്നതിനാലാണ് ശിഖരങ്ങൾ കോതി മാറ്റിയത്. സംഭവമറിഞ്ഞ് തെന്മല റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റർ കൃഷ്ണകുമാർ അന്ന് മുതൽ ജനാർദനനെ കൈക്കൂലി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നുവെത്ര. ഈ വിവരം യുവാവ് സി.പി.എം നേതാക്കളുടെ ശ്രദ്ധയിൽപെടുത്തി. വെള്ളിയാഴ്ച ഫോറസ്റ്റർ ജനാർദനന്റെ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്തുവെന്ന് പറയപ്പെടുന്നു. തട്ടിയെടുത്ത മൊബൈൽ ഫോൺ ഫോറസ്റ്റ് സ്റ്റേഷനിൽ വന്നാൽ നൽകാമെന്ന് പറഞ്ഞു.
തുടർന്ന് ജനാർദനൻ വിളിച്ചുവരുത്തി കവിളിൽ അടിക്കുകയും കുനിച്ചുനിർത്തി മുതുകത്ത് മാരകമായി മർദിച്ചെന്നുമാണ് പരാതി. നിർബന്ധിച്ച് വെള്ള പേപ്പറിൽ വിരലടയാളം പതിപ്പിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാങ്ങുകയും ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ വെള്ളിയാഴ്ച വൈകീട്ട് തെന്മല ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു.
സംഭവം അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ ഫോറസ്റ്റർക്കെതിരെ നടപടിയെടുക്കാമെന്ന റേഞ്ച് ഓഫിസറുടെ ഉറപ്പിനെതുടർന്നാണ് സമരക്കാർ പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

