രാത്രിയിൽ ആനക്കാട്ടിൽ അകപ്പെട്ട യുവാക്കളെ വനപാലകർ രക്ഷപ്പെടുത്തി
text_fieldsആര്യങ്കാവ് രാജാക്കാട് വനത്തിൽ അകപ്പെട്ട യുവാക്കളെ വനപാലകർ രക്ഷപ്പെടുത്തിയപ്പോൾ
പുനലൂർ: കാട് കാണാനെത്തി വഴിതെറ്റി രാത്രിയിൽ കൊടുംവനത്തിൽ കുടുങ്ങിയ രണ്ടു യുവാക്കളെ ആര്യങ്കാവ് വനം അധികൃതർ രക്ഷപ്പെടുത്തി. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് ശിക്ഷയായി ഇമ്പോസിഷൻ എഴുതിപ്പിച്ച ശേഷം യുവാക്കളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ആര്യങ്കാവ് റേഞ്ചിലെ അതിർത്തി വനവും ആനയും കടുവയും പുലിയും വിഹരിക്കുന്ന രാജാക്കാട് വനത്തിലാണ് കൊട്ടാരക്കര, കിഴക്കേത്തെരുവ് സ്വദേശികളായ ഷൈനും മെറിനും കുടുങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും ഒരു സ്കൂട്ടിയിൽ രാജാക്കാട്ടിലെത്തിയത്. അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണെന്ന് ഈ വഴിയിൽ രണ്ടിടത്തുള്ള വനംവകുപ്പിന്റെ മുന്നറിയിപ്പ് ബോർഡും ഗേറ്റും കടന്ന് യുവാക്കൾ തമിഴ്നാട് അതിർത്തി മലയുടെ ഭാഗത്തെത്തി. വൈകീട്ട് അഞ്ചോടെ കോടമഞ്ഞ് മൂടിയതോടെ യുവാക്കൾ തിരിച്ചിറങ്ങാൻ തുടങ്ങി. എന്നാൽ കാടിറങ്ങുന്നതിന് എതിരെയുള്ള വഴിയിലൂടെ നടന്ന് ഇവർ കുടുതൽ ഉൾക്കാട്ടിലായി. ഈ സമയം ഇരുട്ട് കൂടി പരന്നതോടെ യുവാക്കൾ പരിഭ്രാന്തരായി. ഭയന്നുവിറച്ച യുവാക്കൾ, തങ്ങൾ കാട്ടിൽ അകപ്പെട്ട വിവരം മൊബൈൽ ഫോണിലൂടെ തെന്മല പൊലീസിൽ അറിയിച്ചു. രാത്രി ഏഴോടെ പൊലീസ് ആര്യങ്കാവ് റേഞ്ച് ഓഫിസർ എസ്. സനോജിനെ വിവരം അറിയിച്ചു. റേഞ്ചാഫീസർ ഉടൻതന്നെ കടമാൻപാറ ഡെപ്യൂട്ടി റേഞ്ചർ അജയകുമാർ, ആർ.ആർ.ടി റെസ്ക്യൂ സംഘം എന്നിവർക്ക് വിവരം കൈമാറി അടിയന്തിര രക്ഷാപ്രവർത്തനത്തിന് നിർദ്ദേശം നൽകി.
യുവാക്കൾ കൈമാറിയ ലോക്കേഷൻ കണക്കാക്കി വനംഅധികൃതർ രാത്രിയിൽ ഏഴ് കിലോമീറ്ററോളം ഉൾവനത്തിലെത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാക്കൾ ആദ്യം നൽകിയ ലോക്കേഷനിൽ നിന്നുംമാറി ഈറ്റ കാടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. വളരെ പ്രയാസപ്പെട്ട് വനപാലകർ മണിക്കൂറോളം ഈ കാട്ടിൽ തിരച്ചിൽ നടത്തി യുവാക്കളെ അവസാനം ഈറക്കാട്ടിൽ കണ്ടെത്തി. ആനപ്പിണ്ടവും കരടിയുടെ കാൽപ്പാടകളും പതിഞ്ഞ പാതകളിലൂടെയാണ് യുവാക്കൾ കാട്ടിനുള്ളിൽ എത്തിയത്. രാത്രി 11.30 ഓടെ യുവാക്കളെ രക്ഷപ്പെടുത്തി റേഞ്ച് ഓഫിസിൽ എത്തിച്ചു. തുടർന്ന് ഇരുവരുടെയും അമ്മമാരെ വിളിച്ചുവരുത്തി. യുവാക്കൾ അനധികൃതമായി കാട്ടിൽ കയറിയതിന് ആദ്യ ശിക്ഷയെന്ന നിലയിൽ ‘റിസർവ് ഫോറസ്റ്റ് പ്രൊഹിബിറ്റഡ് ഏരിയ’ എന്ന് ഇംഗ്ലീഷിൽ നൂറുതവണ ഇമ്പോസിഷൻ എഴുതിപ്പിച്ചശേഷം വിട്ടയച്ചു.
യുവാക്കൾ അകപ്പെട്ടത് വന്യമൃഗങ്ങളുടെ സ്ഥിരം ആവാസകേന്ദ്രവും അപകടകരവുമായ ഉൾവനത്തിലാണെന്നും ഇത്തരം സാഹസികതകളിൽ നിന്നും യുവാക്കൾ വിട്ടുനിൽക്കണമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് യുവാക്കൾ ചെയ്ത്. ഇതിലുപരി പരിചയമില്ലാത്ത കാട് കയറുന്ന ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങൾ നിരുത്സാഹപ്പെടുത്തുന്ന വനപാലകരെ കുറ്റപ്പെടുത്തുന്ന പ്രവണത വർധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

